09 March, 2022 11:19:01 AM


'കാട്ടാനഭീതിയില്‍ നാട്ടുകാര്‍': മംഗലംഡാം വിആർടി കവയിൽ കാട്ടാനക്കൂട്ടം വിട് തകർത്തു



വടക്കഞ്ചേരി: മംഗലംഡാം വിആർടി കവയിൽ കാട്ടാനക്കൂട്ടം വിട് തകർത്തു. മംഗലംഡാം സ്വദേശി പുത്തൂർ ജോയിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ രാത്രി സമയങ്ങളിൽ ആൾ താമസമില്ലാത്ത വീടാണ് കാട്ടാനക്കൂട്ടം തകർത്തത്. കാലത്ത് ജോലിക്കെത്തിയ തൊഴിലാളിയാണ് വീട് തകർത്തതായി കണ്ടത്. വിട്ടിലുണ്ടായിരുന്ന രണ്ട് കട്ടിലുകൾ അലമാര ഉള്‍പ്പെടെ സാധനങ്ങളെല്ലാം ആനക്കൂട്ടം തകർത്തു. 

രാത്രി ആനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നതും പതിവായെന്ന് നാട്ടുകാർ പറഞ്ഞു. ഈ ഭാഗത്താണ് കഴിഞ്ഞ വർഷം 18 മാസം ഗർഭിണിയായ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. കവുങ്ങ് മറിച്ചിട്ടത് വൈദ്യുതി ലൈനിൽ തട്ടി ആനക്ക് ഷോക്കേൽക്കുകയായിരുന്നു. കാട്ടാനകൾ കവുങ്ങോ തെങ്ങോ മറിച്ചിട്ടാൽ വൈദ്യുതി ലൈനിൽ തട്ടി അത്യാഹിതങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലുള്ള മേഖലയാണിത്. 

കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞതിനെ തുടർന്ന് മേഖലയിൽ ഫെൻസിംഗ് നടത്തി സുരക്ഷ ഒരുക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞെങ്കിലും നടപടിയായില്ല. ഉരുൾ പൊട്ടലിനെ തുടർന്ന് റോഡ് ഒലിച്ചു പോയതിനാൽ ഫെൻസിംഗിനുള്ള സാധനങ്ങൾ എത്തിക്കാൻ നിർവ്വാഹമില്ലെന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാരണമായി ചൂണ്ടികാട്ടിയത്. തുടർന്ന് നാട്ടുകാർ റോഡ് ശരിയാക്കിയെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കിയില്ല. കഴിഞ്ഞ ഏതാനും വർഷം മുമ്പ് വരെ പതിനഞ്ചിലധികം കുടുംബങ്ങൾ സ്ഥിരതാമസമുണ്ടായിരുന്ന മേഖലയാണിത്. വന്യമൃഗങ്ങളുടെ ശല്യം മൂലം കുടുംബങ്ങൾ മറ്റിടങ്ങളിലേക്ക് വീടൊഴിഞ്ഞ് പോയി. പലരും പകൽ സമയങ്ങളിൽ കൃഷിസ്ഥലങ്ങളിലെത്തി പണി ചെയ്ത് പോവുകയാണ് ചെയ്യുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K