29 June, 2016 12:55:43 AM
മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി നൂറുദ്ദീന്‍ അന്തരിച്ചു
കണ്ണൂര്‍: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി നൂറുദ്ദീന്‍ (77) അന്തരിച്ചു. ഞായറാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച കണ്ണൂര്‍ ഒണ്ടേന്റോഡിലെ വീട്ടില്‍ നിന്നു വീണു പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൂറുദ്ദീനെ ആരോഗ്യനില വഷളായതിനെതുടര്‍ന്നു ഇന്നലെ പുലര്‍ച്ചെ കോഴിക്കോട്ടെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഖാദി ആന്‍ഡ് ഇന്‍ഡസ്ട്രീസ് വില്ലേജ് ബോര്‍ഡ് വൈസ് ചെയര്‍മാനായ നൂറുദ്ദീന്‍ ഓഫിസിലേക്കു പോകാന്‍ വാഹനത്തിനടുത്തേക്കു പോകവെ തെന്നിവീഴുകയായിരുന്നു.
1939 ജൂലൈ 30നു മാതമംഗലം പെരുവാമ്പയിലെ മുഹമ്മദ് ഹാജിയുടെ മകനായാണു ജനനം. 1953ല്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം തുടങ്ങിയ നൂറുദ്ദീന്‍ പിന്നീടു കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറിയായി. 1972 മുതല്‍ 82 വരെ കെ.പി.സി.സി ട്രഷററായിരുന്ന നൂറുദ്ദീന്‍ നിലവില്‍ എക്‌സിക്യൂട്ടീവ് അംഗമാണ്. 1977, 1980, 1982, 1987, 1991 വര്‍ഷങ്ങല്‍ പേരാവൂരില്‍ നിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട നൂറുദ്ദീന്‍ 1982 മുതല്‍ 1987 വരെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ വനംകായിക, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ മന്ത്രിയുമായിരുന്നു.