19 February, 2022 12:51:14 PM
കണ്ണപുരം അപകടം: മരിച്ചവരിൽ കണ്ണൂരിലെ വ്യാപാരിയും ഹോട്ടൽ ഉടമയുടെ ഭാര്യയും
കണ്ണൂര്: പഴയങ്ങാടി-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ കെ.കണ്ണപുരം പാലത്തിനു സമീപം നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു മരിച്ചതു കണ്ണൂരിലെ വ്യാപാരിയും ഹോട്ടൽ ഉടമയുടെ ഭാര്യയും. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.
മൂകാംബിക ദർശനം കഴിഞ്ഞു കണ്ണൂരിലേക്കു തിരിച്ചു വരുന്ന വഴിയാണ് അപകടമുണ്ടായത്. കണ്ണൂർ അലവിൽ സ്വദേശി കക്കിരിക്കൽ ഹൗസിൽ കൃഷ്ണൻ-സുഷമ ദന്പതികളുടെ മകനും കണ്ണൂർ എംഎ റോഡിലെ പ്രേമ കൂൾബാർ ഉടമയുമായ ഒ.കെ.പ്രജിൽ (34), ചിറക്കൽ പുതിയാപറന്പ് സ്വദേശിനിയും കണ്ണൂർ പുലരി ഹോട്ടൽ ഉടമ വിജിനിന്റെ ഭാര്യയുമായ പൂർണിമ (30) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണൂർ എകെജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രജിലിന്റെ ഭാര്യ നീതു (28), മകൾ ആഷ്മി (7), പൂർണിമയുടെ ഭർത്താവ് കെ.വിജിൻ (35), മക്കളായ അനുഖി, അയാൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് രണ്ടു കുടുംബംഗങ്ങളും ചേർന്ന് മൂകാംബിക ദർശനത്തിനായി പോയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന വിജിൻ ഉറങ്ങിപ്പോയതാകും അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടത്തിൽ കാർ നിശേഷം തകർന്നു.