13 February, 2022 07:11:05 PM
കണ്ണൂരിൽ കൊല്ലപ്പെട്ടത് ബോംബുമായെത്തിയ സംഘാംഗം; പൊട്ടിയത് രണ്ടാമത്തെ ബോംബ്
കണ്ണൂർ: തോട്ടടയിൽ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘാംഗം തന്നെയെന്ന് വിവരം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. അക്രമി സംഘം ആദ്യമെറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്‍റെ തലയില്‍ വീഴുകയായിരുന്നു.
ഇന്നലെ തോട്ടടയിലെ വിവാഹ വീട്ടിൽ രാത്രിസത്കാരം കഴിഞ്ഞ് സംഗീത പരിപാടി നടന്നിരുന്നു. ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കം പിന്നീട് സംഘർഷത്തിലേക്ക് മാറി. ഏച്ചൂരിൽ നിന്ന് വന്ന വരന്‍റെ സംഘവും വരന്‍റെ നാട്ടുകാരായ യുവാക്കളും രണ്ട് ചേരിയായി സംഘർഷത്തിലേർപ്പെട്ടു. പ്രശ്നം ഒത്തുതീർത്ത ശേഷമാണ് ഇന്ന് വിവാഹത്തിന് വരനും സംഘവും പോയത്. വധൂഗൃഹത്തിൽ വിവാഹം കഴിഞ്ഞ് വരനും സംഘവും വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ബോംബ് പൊട്ടിത്തെറിച്ചത്.
ഏച്ചൂരിൽ നിന്നുള്ള സംഘമാണ് ബോംബുമായി വന്നത്. ജിഷ്ണു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജിഷ്ണുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. നാടൻ ബോംബാണ് സംഘം ഉപയോഗിച്ചത്. പൊട്ടാതെ ബാക്കിയായ ബോംബ് പൊലീസ് നിർവീര്യമാക്കി. ഇത് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.