13 February, 2022 06:28:52 PM


കണ്ണൂരിൽ വിവാഹ സംഘത്തിന് നേരെ ബോംബേറ്: യുവാവ് കൊല്ലപ്പെട്ടു; സംഘര്‍ഷാവസ്ഥ



കണ്ണൂർ: കണ്ണൂരിലെ തോട്ടടയിൽ വിവാഹ സംഘത്തിനെതിരെയുണ്ടായ ബോംബേറില്‍ കൊല്ലപ്പെട്ട ജിഷ്ണുവിൻ്റെ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. നിർമ്മാണ തൊഴിലാളിയായ ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്ണുവിൻ്റെ തലയിലാണ് ബോംബ് വീണ് പൊട്ടിത്തെറിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സംഭവസ്ഥലത്ത് സിപിഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായി. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തത്.

പൊലീസ് എത്താൻ വൈകിയെന്ന് കോൺഗ്രസുകാർ ആരോപിച്ചതാണ് പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കത്തിന് കാരണം. ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് അനാവശ്യമായി പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകർ ഇതിനെതിരെ രംഗത്ത് വന്നത്. തുടർന്ന് ഇരുഭാഗത്തുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി.

വിവാഹ വീട്ടിലേക്കുള്ള സംഘം പോയ ശേഷമാണ് ഇന്നുച്ചയ്ക്ക് രണ്ടരയോടെ ബോംബ് പൊട്ടിയത്. വിവാഹ സംഘത്തിന്റെ പക്കലുണ്ടായിരുന്ന ബോംബ് പൊട്ടിയതാണോ, ഇവർക്ക് നേരെ ആരെങ്കിലും എറിഞ്ഞതാണോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ സ്ഥലത്തുണ്ടായിരുന്നവർ ബോംബെറിഞ്ഞതായാണ് വ്യക്തമാക്കിയിരിക്കുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K