11 February, 2022 12:51:43 PM
പാലക്കാട്ടെ യുവാക്കളുടെ മരണത്തില്‍ ദുരൂഹത; കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍
പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി ബസിനും ലോറിക്കും ഇടയില്‍ വീണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തൃശൂര്‍ പട്ടിക്കാട് സ്വദേശി സി.എല്‍. ഔസേപ്പ് ആണ് അറസ്റ്റിലായത്. കുഴല്‍മന്ദം പോലീസ് ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ വടക്കഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ സി.എല്‍ ഔസേപ്പിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഈ മാസം ഏഴിനായിരുന്നു കാവശ്ശേരി ഈടുവെടിയാല്‍ മോഹനന്റെ മകന് ആദര്‍ശ് (23), കാഞ്ഞങ്ങാട് മാവുങ്കാല്‍ തമ്പാന്റെ മകന് കെ. സാബിത്ത് (26) എന്നിവര്‍ കെഎസ്ആര്‍ടിസിക്ക് ബസിനും ലോറിക്കും ഇടയില്‍പ്പെട്ട് ദാരുണമായി കൊല്ലപ്പെട്ടത്. അതേസമയം, യുവാക്കളെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മനപൂര്‍വം അപകടത്തില്‍പ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു. അപകടത്തിന് മുന്‍പ് യുവാക്കളും ഔസേപ്പും തമ്മില്‍ വാക്കതര്ക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ബസ് തട്ടി യുവാക്കള്‍ ലോറിക്ക് അടിയിലേക്ക് വീണത്.
ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബങ്ങള്‍. അപകടം മനപൂര്‍വമാണെന്ന് പോലീസും സംശയിക്കുന്നുണ്ട്. കാര്യങ്ങളില്‍ വ്യക്തത ലഭിക്കാന്‍ ഡ്രൈവറെ പോലീസ് ഉടന്‍ തന്നെ ചോദ്യം ചെയ്യും. ബസിന്റെ പിറകില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോര്‍ഡില്‍ ഘടിപ്പിച്ച ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.