11 February, 2022 12:26:28 PM


'എല്ലാവർക്കും ബിഗ് സല്യൂട്ട്': ബാബു ആശുപത്രി വിട്ടു; നന്ദി പറഞ്ഞ് മാതാവ്



പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ബാബു പൂർണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ ഉൾപ്പെടെയുള്ളവർ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ബാബുവിന് സാമ്പത്തിക സഹായവുമായി തൃശ്ശൂരിലുള്ള ഒരു കൂട്ടം ആളുകളും രംഗത്തെത്തി.

വെള്ളവും ഭക്ഷണവുമില്ലാതെ 40 മണിക്കൂറിലേറെ മലമ്പുഴ കൂർമ്പാച്ചി മലയിടുക്കിൽ ഒറ്റപ്പെട്ടുകഴിഞ്ഞ ബാബു ആരോഗ്യനില ഏറെക്കുറെ വീണ്ടെടുത്തു. ബുധനാഴ്ച ഉച്ചമുതൽ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

ഇത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ബാബുവിന്റെ മാതാവ് റഷീദ പറഞ്ഞു. എല്ലാവരോടും നന്ദി പറയുന്നു. എല്ലാത്തിനും കൂടെ നിന്നവർക്കും സൈനികർക്കും ബിഗ് സല്യൂട്ട്. ബാബുവിന് വേണ്ടി പ്രാർത്ഥിച്ച സകലരോടും നന്ദി പറയുന്നു. ചോദിക്കാതെ തന്നെ പലരും സഹായിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കുട്ടികൾ ആരും വനംവകുപ്പിന്റെ അനുവാദം ഇല്ലാതെ വനമേഖലകളിൽ കയറാതിരിക്കണമെന്നും ഇങ്ങനെ ഒരു സാഹചര്യം ഇനി ഉണ്ടാകാതെ നോക്കണമെന്നും റഷീദ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂർമ്പാച്ചിമല കയറാൻ പോയത്. പകുതിവഴി കയറിയപ്പോൾ കൂട്ടുകാർ മടങ്ങിയെങ്കിലും ബാബു കയറ്റം തുടർന്നു. മലയുടെ മുകൾത്തട്ടിൽനിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിയത്. 48 മണിക്കൂറിനു ശേഷം സൈന്യവും എൻഡിആർഎഫും പോലീസും പർവതാരോഹകരും ചേർന്നാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K