09 February, 2022 10:41:12 AM
കരസേനയുടെ പരിശ്രമം ഫലം കണ്ടു: ബാബുവിനെ രക്ഷപ്പെടുത്തി മലമുകളിൽ എത്തിച്ചു
പാലക്കാട്: മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ സൈന്യം രക്ഷപെടുത്തി മലമുകളിൽ എത്തിച്ചു. ബാബുവിന്റെ അടുത്തേക്ക് എത്തിയ ദൗത്യസംഘാംഗം അദ്ദേഹവത്തെ സുരക്ഷാജാക്കറ്റ് അണിയിച്ച് മലയിടുക്കിൽനിന്ന് മുകളിലേക്ക് കയറ്റി.
ദീർഘമായ 48 മണിക്കൂറിനു ശേഷമാണ് ആശാവഹമായ വാർത്ത എത്തുന്നത്. ബാബുവിന് അടുത്തേക്ക് എത്തിയ കരസേനയുടെ ദൗത്യസംഘാംഗം ആദ്യം അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും മരുന്നും നൽകി. അതിനു ശേഷം തന്റെ ശരീരത്തോട് ബാബുവിനെ ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചു. പിന്നീട് ഇരുവരും വടത്തിൽ മുകളിലേക്ക് കയറിത്തുടങ്ങി.
മലയുടെ മുകളിൽ നിലയുറപ്പിച്ച ദൗത്യസംഘം ഇരുവരെയും മുകളിലേക്ക് വലിച്ച് ഉയർത്തുകയാണ് ചെയ്തത്. അതീവ ദുഷ്കരമായ ദൗത്യമാണ് നടന്നത്. 40 മിനിറ്റ് കൊണ്ട് ദൗത്യം പൂർത്തിയായി. ഇതോടെ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം ശുഭകരമായ അന്ത്യത്തിലേക്ക് എത്തി. ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്താണ് ഇവിടെ തെളിയുന്നത്.
ബാബുവിന് ഉടന്‍ പ്രാഥമിക വൈദ്യസഹായം നല്‍കും. ചികില്‍സയ്ക്ക് ശേഷം ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റും. ബാബുവിനെ ഹെലികോപ്ടറില്‍ താഴെ എത്തിക്കാനാണ് നീക്കം. രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചര്‍മാരും സംഘത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ സഹായവും കരസേന തേടിയിരുന്നു. അതിവേഗമാണ് മലയ്ക്ക് മുകളില്‍ സൈന്യം എത്തിയത്.
രണ്ടു സംഘമായി കരസേനാംഗങ്ങള്‍ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ലഫ്. കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കളക്ടര്‍ മൃണ്മയി ജോഷിയുമായും ജില്ലാ പൊലീസ് മേധാവി ആര്. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മലകയറുകയായിരുന്നു. ഇതാണ് വിജയത്തിലെത്തിയത്.