09 February, 2022 12:26:21 AM
ചെറാട് രക്ഷാദൗത്യം: കരസേന എത്തി; നേതൃത്വം നൽകുന്നത് ഏറ്റുമാനൂർ സ്വദേശി ഹേമന്ത് രാജ്
പാലക്കാട്: മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ കരസേന സംഘം മലമ്പുഴയിൽ എത്തി. രാത്രി വൈകിയാണ് സംഘം സ്ഥലത്ത് എത്തിയത്. രാത്രിയിൽ തന്നെ രക്ഷാപ്രവർത്തനം നടത്താനാവുമോയെന്ന് സംഘം പരിശോധിച്ചുവരികയാണ്. കരസേനാംഗങ്ങൾ കളക്ടറുമായി ആശയവിനമയം നടത്തി. പർവതാരോഹകർ ഉൾപ്പെടെയുള്ളവർ സംഘത്തിൽ ഉണ്ട്. ഏറ്റുമാനൂർ സ്വദേശി ഹേമന്ത് രാജ് ആണ് കരസേനയുടെ രക്ഷാദൗത്യത്തിനു നേതൃത്വം നൽകുന്നത്.
എൻഡിആർഎഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കരസേനയുടെ മറ്റൊരു യൂണിറ്റ് വെല്ലിംഗ്ടണിൽ നിന്ന് വൈകിട്ട് പുറപ്പെട്ടിട്ടുണ്ട്. ഇവരും
രാത്രിയിൽ മലമ്പുഴ എത്തും. ബംഗളൂരുവില് നിന്ന് വ്യോമസേനാ പാരാ കമാന്റോകളും മലമ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്. ബംഗളൂർ പാരാ റെജിമെന്റ് സെന്ററിൽ നിന്ന് എയർ ഫോഴ്സ് പ്രത്യേക വിമാനം AN- 32 ൽ പ്രത്യേക ആർമി സംഘം എയർഫോഴ്സിന്റെ സുലൂർ ക്യാമ്പസ്സിൽ ഇറങ്ങി റോഡ് മാർഗ്ഗമാണ് മലമ്പുഴയിലേക്ക് തിരിച്ചത്. മദ്രാസ് റെജിമെന്റ് സെന്ററിൽ നിന്ന് 2 ഓഫീസർമാർ, 2 ജൂനിയർ കമ്മീഷണർ ഓഫീസർമാർ, 7 അദർ ഓഫീസർമാർ എന്നിവരടങ്ങുന്ന സംഘം റോഡ് മാർഗ്ഗം മലമ്പുഴയിലേക്ക് തിരിച്ചു എന്നും റവന്യു മന്ത്രി അറിയിച്ചിരുന്നു . ഇതിൽ 2 പേർ എവറസ്റ്റ് കയറിയിട്ടുള്ളവരാണ്.
മലമ്പുഴ ചെറാട് സ്വദേശി ആർ. ബാബു (30) ആണ് മലയിടുക്കിൽ കുടുങ്ങിക്കിടക്കുന്നത്. ബാബു ഇതിനകം മലയിടുക്കിൽ മുപ്പതു മണിക്കൂറുകൾ പിന്നിട്ടു. ഇതുവരെ ഭക്ഷണമോ വെള്ളമോ എത്തിക്കാനായിട്ടില്ല. ചെങ്കുത്തായ കുമ്പാച്ചി മലയിലാണ് ബാബു കുടുങ്ങിയത്. ശ്രമങ്ങൾ ഓരോന്നായി പരാജയപ്പെടുന്നതോടെ പ്രാർഥനയോടെ മലയുടെ അടിവാരത്തു കാത്തിരിക്കുകയാണ് നാട്ടുകാരും സുഹൃത്തുക്കളും. തിങ്കളാഴ്ച വൈകീട്ടോടെയാണ് ബാബു സുഹൃത്തുക്കൾക്കൊപ്പം മല കയറിയതും കാൽവഴുതി താഴേക്കു വീണു മലയിടുക്കിൽ കുടുങ്ങിയതും.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പാറക്കെട്ടിനു സമീപം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മടങ്ങിപ്പോയിരുന്നു.
ഹെലികോപ്റ്റർ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റുമൂലം യുവാവിന്റെ അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിർത്താനോ സാധിച്ചില്ല.
തിങ്കളാഴ്ച രാത്രിയോടെ പോലീസും ദുരന്തനിവാരണ സേനയും ഫോറസ്റ്റ്, ഫയർഫോഴ്സ് അടക്കമുള്ള സംഘം രക്ഷാപ്രവർത്തനത്തിനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്കു പോകാൻ സാധിച്ചില്ല. അതോടെ രാത്രി മലമുകളിൽതന്നെ സംഘം ക്യാമ്പുചെയ്യുകയാണ്. വന്യമൃഗങ്ങൾ വരാതിരിക്കാൻ തീപ്പന്തങ്ങളും മറ്റും ഉപയോഗിച്ചാണ് സുരക്ഷയൊരുക്കുന്നത്.
വടം ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്കു ചെന്നെത്താനായിരുന്നു ആദ്യശ്രമം. എന്നാൽ ചെങ്കുത്തായ മലയായതിനാൽ വടം കെട്ടാനോ താഴേക്ക് ഇറങ്ങാനോ സാധിക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ചു. നേവിയുടെ സഹായത്തോടെ ഹെലികോപ്റ്റർ എത്തിച്ച് എയർ ലിഫ്റ്റ് ചെയ്യാനായി അടുത്ത നീക്കം. ജില്ലാ കളക്ടർ ഇടപെട്ട് ഇതിനുവേണ്ട നടപടികൾ സ്വീകരിച്ചു.
ഉച്ചയോടെ ഹെലികോപ്റ്റർ എത്തി. എന്നാൽ മലമുകളിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാത്തതിനാൽ നിരീക്ഷണം പൂർത്തിയാക്കിയശേഷം ഹെലികോപ്റ്റർ മടങ്ങി. ബാബുവും മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് മലകയറിയത്. ഇതിനിടയിലാണ് ബാബു കാൽവഴുതി കൊക്കയിലേക്കു വീണത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വടിയും മറ്റും ഇട്ടുകൊടുത്തു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
തുടർന്ന് ഇവർ മല ഇറങ്ങിയശേഷം പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. വീഴ്ചയിൽ ബാബുവിന്റെ കാലിനു പരിക്കേറ്റിട്ടുണ്ട്. കൈയിലുള്ള മൊബൈൽ ഫോണ് ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഹെലികോപ്റ്ററിലെ രക്ഷാപ്രവർത്തകർക്കു ഷർട്ട് വീശി കാണിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഫോണ് ഓഫായ നിലയിലാണ്.