08 February, 2022 09:47:57 PM
ആനപ്പാര്‍ക്കിന്‍റെ പേരില്‍ ആദിവാസികളെ കുടിയൊഴിപ്പിക്കുന്നു; റിപ്പോര്‍ട്ട് തേടിയെന്ന് കലക്ടര്‍
ഇടുക്കി: ചിന്നക്കനാലില്‍ മുന്നൂറ്റിയൊന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങളെ കുടിയൊഴുപ്പിക്കാന്‍ വനംവകുപ്പിന്‍റെ നീക്കം. ഒഴിഞ്ഞ് പോകുന്നവര്‍ക്ക് 15 ലക്ഷം വീതം നല്‍കാമെന്നാണ് വനംവകുപ്പിന്‍റെ വാഗ്ദാനം. ആദിവാസികള്‍ക്ക് താമസിക്കാനായി കണ്ടെത്തി നല്‍കിയ ഭൂമിയാണ് മൂന്നൂറ്റൊന്ന് കോളനിയിലേത്. ഈ പ്രദേശം ആനശല്യം കൂടുതലുള്ള മേഖലയാണ്. ഇവിടെ താമസിക്കാന്‍ പറ്റാത്തത് കാരണം നിരവധി ആദിവാസികള്‍ സ്ഥലമുപേക്ഷിച്ച് പോയിരുന്നു. മറ്റുള്ളവരെ കൂടി ഒഴിപ്പിച്ച് ഇവിടെ ആനപ്പാര്‍ക്ക് പദ്ധതി നടപ്പാക്കുമെന്നാണ് ഇപ്പോള്‍ വനംവകുപ്പ് അവകാശപ്പെടുന്നത്.
എന്നാല്‍, ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയില്‍ നിന്നും അവരെ ഒഴിപ്പിക്കുന്നതായുള്ള വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ജില്ലാ കലക്ടര്‍ ഷീബ മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ചിന്നക്കനാലില്‍ മൂന്നൂറ്റിയൊന്ന് കോളനിയിലടക്കം വിതരണം നടത്തിയതില്‍ നൂറില്‍ താഴെ ആദിവസി കുടുംബങ്ങള്‍ മാത്രമാണ് സ്ഥിര താമസമുള്ളത്. ഇവരെ കുടിയൊഴുപ്പിച്ച് ആനപ്പാര്‍ക്ക് പദ്ധതി നടപ്പിലാക്കുന്നതിനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കമെന്നാണ് വിവരം.
ഇതിനായി ആദിവാസികളെ മറ്റൊരിടത്തേയ്ക്ക് പുനരധിസിപ്പിക്കുന്നതിന് പകരം ഓരോ കുടുംബത്തിനും പതിനഞ്ച് ലക്ഷം വീതം നല്‍കാമെന്ന വാഗ്ദാനമാണ് വനംവകുപ്പ് നല്‍കുന്നത്. ഇതിനെതിരേ വലിയ പ്രതിഷേധവും ആദിവാസികള്‍ക്കിടയില്‍ ഉയര്‍ന്ന് വരുന്നുണ്ട്. ജനപ്രതിനിധികളോ ജില്ലാ ഭരണകൂടമോ പൊതുപ്രവര്‍ത്തകരോ അറിയാതെ വനംവകുപ്പ് രഹസ്യമായിട്ടാണ് നടപടികളുമായി മുമ്പോട്ട് പോകുന്നതെന്നാണ് ആരോപണം. ആദിവാസികള്‍ക്ക് നല്‍കിയിരിക്കുന്ന പട്ടയത്തിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് വനംവകുപ്പ് ആദിവാസികള്‍ നിന്നും സ്ഥലം ഏറ്റെടുക്കാന്‍ നീക്കം നടത്തുന്നത്.
എന്നാല്‍ കുടിയൊഴിയാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ഇവിടെ ഇപ്പോള്‍ താമസിക്കുന്ന ആദിവാസികളും പറയുന്നു. ആദിവാസികളെ കുടിയൊഴുപ്പിച്ച് സ്ഥലം കയ്യേറ്റ് മാഫിയയ്ക്ക് മറിച്ച് വില്‍ക്കാനുള്ള ശ്രമമാണെന്നാണ് മുന്നൂറ്റൊന്ന് കോളനിയിലെ താമസക്കാര്‍ ആരോപിക്കുന്നത്. ഇരുനൂറിലധികം വരുന്ന സ്ഥിര താമസമില്ലാത്ത ആദിവാസികളുടെ പട്ടയവും മറ്റും വനംവകുപ്പിന് ഇവരുടെ പേരില്‍ കൈമാറ്റം നടത്തി സ്വയം കുടിയൊഴിയാന്‍ തയ്യാറാണെന്ന സാക്ഷ്യപത്രം വാങ്ങി തുക തട്ടിയെടുക്കുന്നതിനാണ് നീക്കമെന്നാണ് ആരോപണം.
ചിന്നക്കനാലില്‍ സംസ്ഥാനത്തെ ആദ്യ കാട്ടാന സംരക്ഷണ കേന്ദ്രത്തിനുള്ള തയ്യാറെടുപ്പാണ് വനം വകുപ്പ് നടത്തുന്നത്. ഇതിന്‍റെ ഭാഗമായിട്ടുള്ള ജിപിഎസ് സര്‍വ്വേ അടക്കം പൂര്‍ത്തിയായതായി വനംവകുപ്പ് പറയുന്നു. കാട്ടാന സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നതോടെ കാട്ടാനകള്‍ ജനവാസ മേഖലകളിലേയ്ക്ക് ഇറങ്ങുന്നതിന് തടയിടാന്‍ കഴിയുമെന്ന് വനംവകുപ്പ് അവകാശപ്പെടുന്നു.