05 February, 2022 11:23:11 AM
തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു; പ്രദേശവാസികള്‍ കടുത്ത ജാഗ്രതയിൽ
തലശ്ശേരി: തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു. ടെലിഗേറ്റിന് സമീപത്ത് ഇന്ന് 8.15 ഓടെയാണ് ടാങ്കർ മറിഞ്ഞത്. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്ത് പോവുകയായിരുന്ന ഗ്യാസ് നിറച്ച ടാങ്കർ അമിത വേഗത്തിൽ വളവ് തിരിക്കാൻ ശ്രമിച്ചതാണ് അപകടകാരണം. ആർക്കും പരിക്കില്ല. ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
സംഭവമറിഞ്ഞതോടെ സമീപവാസികൾ പരിഭ്രാന്തിയിലായി. വാതക ചോർച്ച ഇല്ലെന്നറിഞ്ഞത് സമാധാനമായെങ്കിലും പരിസരം ജാഗ്രതയിലാണ്. സമീപത്തെ ബസ് സ്റ്റോപ്പ് പൂർണ്ണമായും തകർന്നു. ബസ് സ്റ്റോപ്പിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി. ടാങ്കറിന് വാതക ചോർച്ചയില്ലെന്നും, മംഗലാപുരത്ത് നിന്നും വിദഗ്ദർ എത്തിയതിന് ശേഷം മാത്രമേ മറ്റു കാര്യങ്ങൾ വ്യക്തമാവൂ എന്നും പോലീസ് അറിയിച്ചു.