03 February, 2022 03:16:18 PM


'ഇവന്‍ നാട്ടിലെ താരം': നാല് കാലന്‍ താറാവ് കുഞ്ഞിനെ കാണാന്‍ വന്‍തിരക്ക്



ആലപ്പുഴ:  പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ കുരീത്തറ പുത്തൻപുരയിൽ സാബു യോഹന്നാന്‍റെ താറാവ് ഫാമില്‍ മുട്ടവിരിഞ്ഞ താറാവ് കുഞ്ഞിന് നാല് കാലുകള്‍. പുതുതായി വിരിഞ്ഞിറങ്ങിയ എണ്ണായിരത്തിലധികം താറാവ് കുഞ്ഞുങ്ങളിൽ ഒരു താറാവ് കുഞ്ഞിനാണ് നാല് കാലുകളുള്ളത്. 

ചെന്നിത്തല പഞ്ചായത്തിലെ മൂന്ന് തെങ്ങിൽനിന്നുള്ള ഹാച്ചറിയിൽ നിന്നുമാണ് കഴിഞ്ഞ 15ന് സാബു യോഹന്നാൻ 8,500 താറാവ് കുഞ്ഞുങ്ങളെ വാങ്ങുന്നത്. പിന്നീടാണ് കൂട്ടത്തിലൊരു താറാവു കുഞ്ഞിന് നാലു കാലുകൾ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് സാബു യോഹന്നാന്‍റെ മരുമകൾ ഈ താറാക്കുഞ്ഞിന്‍റെ ചിത്രം സമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ചിത്രം പെട്ടെന്ന് തന്നെ വൈറലായി. തുടർന്ന് നിരവധി ആളുകളാണ് വ്യത്യസ്തനായ താറാവ് കുഞ്ഞിനെ കാണുവാൻ സാബു യോഹന്നാന്‍റെ ഫാമിലെത്തുന്നത്. 

താറാവ് കുഞ്ഞിന് നാല് കാലുകളുണ്ടെങ്കിലും മറ്റു താറാവുകളെ പോലെ തന്നെ രണ്ട് കാലുകളിൽ മാത്രമാണ് നടക്കുന്നത്. അധികമായി വളർന്ന രണ്ടു കാലുകൾ പിന്നിലേക്ക് ഇട്ട് മറ്റുള്ളവരുടെ കൂട്ടത്തിൽ അത് നടന്നുനീങ്ങുന്നു. മറ്റുള്ള താറാവുകളുടെ കൂട്ടത്തിൽ തന്നെയാണ് ഇതിനെയും വിട്ടിരിക്കുന്നത്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണെങ്കിലും ഈ കുഞ്ഞൻ താറാവും ഭക്ഷണം കഴിക്കുകയും, വെള്ളത്തിൽ നീന്തുകയും ചെയ്യുമെല്ലാം ചെയ്യുന്നുണ്ടെന്ന് സാബു യോഹന്നാൻ പറഞ്ഞു. 

നാടൻ ചെമ്പല്ലി ഇനത്തിൽപ്പെട്ട താറാവ് കുഞ്ഞുങ്ങളെയാണ് സാബു യോഹന്നാൻ വാങ്ങിയത്. 15 വർഷമായി സാബു താറാവ് കൃഷി ചെയ്യുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ നിരവധി താറാവുകകളാണ് കൂട്ടത്തോടെ ചത്തത്. അതിന് ശേഷമുണ്ടായ പക്ഷിപനിയിൽ എണ്ണായിരത്തിലധികം താറാവുകളിൽ 7,500 താറാവുകളും ചത്തു. ബാക്കിയുണ്ടായിരുന്ന 504 താറാവുകളെ കൊന്നൊടുക്കി. ഇതിന് ശേഷമാണ് ഇത്തവണ 8,500 താറാവ് കുഞ്ഞുങ്ങളെ സാബു വാങ്ങിയത്. ഇതിൽ വ്യത്യസ്തനായ നാല് കാലൻ താറാവ് കുഞ്ഞ് ഇപ്പോൾ നാട്ടിൽ താരമായി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K