02 February, 2022 04:31:29 PM
മമ്മൂട്ടി നിയോഗിച്ച അഭിഭാഷകന് മുന്നിൽ പൊട്ടിക്കരഞ്ഞ് മധുവിന്‍റെ കുടുംബം
പാലക്കാട്: ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മധുവിന്‍റെ കുടുംബത്തെ കാണാന്‍ മമ്മൂട്ടി നിയോഗിച്ച അഭിഭാഷകന്‍ വി. നന്ദകുമാര്‍ എത്തിയത്. മധുവിന്‍റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മധു കേസില്‍ വിചാരണ വൈകുന്നതും പ്രതികളില്‍ നിന്നും നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ചുമെല്ലാം കരഞ്ഞുകൊണ്ട് മധുവിന്‍റെ സഹോദരി സരസു അഭിഭാഷകന്‍ നന്ദകുമാറിനോട് വിശദീകരിച്ചു.
കേസ് അട്ടിമറിക്കപ്പെടുകയാണെന്നും അതുകൊണ്ടുതന്നെ സി ബി ഐ പുനരന്വേഷിക്കണമെന്നും സരസു പറഞ്ഞു. കേസിന്‍റെ പേരില്‍ ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വേട്ടയാടുകയാണ്. പ്രതികളില്‍ നിന്ന് പണം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് ചിലര്‍ തെറ്റായി പ്രചരിപ്പിച്ചുവെന്നും കുടുംബം പറഞ്ഞു.സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കണമെന്ന് അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ എല്ലാ സഹായവും മമ്മൂട്ടി നല്‍കുമെന്ന് മധുവിന്‍റെ ചിണ്ടക്കിയിലെ വീട്ടിലെത്തിയ അഭിഭാഷകന്‍ കുടുംബത്തെ അറിയിച്ചു.
എന്നാല്‍ കേസ് നടത്തുക സര്‍ക്കാര്‍ നിയോഗിക്കുന്ന സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ തന്നെയാകുമെന്നും അഭിഭാഷകന്‍ പറഞ്ഞു. കേസ് നടത്തിപ്പിനിടെ മധുവിന്‍റെ കുടുംബത്തിനാവശ്യമായ മറ്റു നിയമസഹായങ്ങളാണ് മമ്മൂട്ടി നല്‍കുക. മധു കേസിന്‍റെ വിചാരണ വൈകുന്ന സാഹചര്യത്തിലാണ് നിയമ സഹായവുമായി മമ്മൂട്ടി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച മണ്ണാര്‍ക്കാട് കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് പുതിയ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.