22 January, 2022 01:47:38 PM
സ്‌കൂട്ടറില്‍ മദ്യകടത്ത്: റിട്ട. എസ്.ഐ അറസ്റ്റില്‍; പിടികൂടിയത് 24 കുപ്പി വിദേശമദ്യം
തളിപ്പറമ്പ്: സ്‌കൂട്ടറില്‍ മദ്യം കടത്തിയ റിട്ട. എസ്.ഐയും സഹായിയും അറസ്റ്റില്‍. ചുഴലി സ്വദേശിയായ റിട്ട. എസ്.ഐ ഉണ്ണികൃഷ്ണന്‍ (ഉണ്ണിപ്പൊലീസ്), ചുഴലി മൊട്ടക്കേപ്പീടിക താമസം മുണ്ടയില്‍ വീട്ടില്‍ നാരായണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അഷറഫ് എംവി യുടെ നേതൃത്വത്തില്‍ കുറുമാത്തൂര്‍ ബാവുപ്പറമ്പ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 24 കുപ്പി വിദേശ നിര്‍മിത മദ്യവുമായി ഇവര്‍ പിടിയിലായത്. കെ.എല്‍. 59 സി 9859 നമ്പര്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു വരുമ്പോഴാണ് പിടിയിലായത്. അബ്കാരി നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷൈജു.കെ.വി , വിനീത്.പി.ആര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.