04 January, 2022 11:15:08 AM


കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു; ഒഴിവായത് വന്‍ദുരന്തം



കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. കണ്ണൂർ പൊടിക്കുണ്ടിലാണ് ഓടിക്കൊണ്ടിരുന്ന ബസ്സിന്‍റെ എഞ്ചിനിൽ പുക കണ്ടത്. അഞ്ചാംപീടിക - കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന സ്വകാര്യ ബസ്സിലാണ് തീപിടിച്ചത്. പുക ഉയർന്നതോടെ യാത്രക്കാരും ബസ് ഡ്രൈവറും കണ്ടക്ടറും അടക്കമുള്ളവർ ബസ് നിർത്തി ഇറങ്ങിയോടി. പിന്നീട് നിന്ന് കത്തിയ ബസ്സ് അഞ്ച് മിനിറ്റിനകം പൂർണമായും കത്തി നശിക്കുകയായിരുന്നു. രാവിലെ ഒമ്പതേമുക്കാലോടെയാണ് സംഭവം. 

വിവരമറിഞ്ഞ് എത്തിയ ഫയർ ഫോഴ്സ് സംഘം തീയണച്ചു. ഡീസൽ ടാങ്കിന് തീ പിടിക്കാതെ ശ്രദ്ധിച്ച ഫയർഫോഴ്സും നാട്ടുകാരും ഒരു വലിയ പൊട്ടിത്തെറിയാണ് ഒഴിവാക്കിയത്. ആർക്കും പരിക്കില്ലെന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയവർ വ്യക്തമാക്കുന്നു. യാത്രക്കാർ കൃത്യസമയത്ത് ഇറങ്ങിയോടുകയും ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയും ചെയ്തതോടെ വൻദുരന്തമാണ് ഒഴിവായത്. നഗരത്തിലെ രണ്ട് പ്രമുഖ ആശുപത്രികളായ എകെജി ആശുപത്രിയുടെയും കൊയിലി ആശുപത്രിയുടെയും തൊട്ടടുത്താണ് റോഡിൽ ബസ്സിന് തീ പിടിക്കുന്നത്. നാട്ടുകാരും ഉടൻ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി. 

''എഞ്ചിന്‍റെ ഭാഗത്ത് നിന്ന് ചെറിയ പുക ഉയർന്നു. അപ്പോൾത്തന്നെ കണ്ടക്ടറെ വിളിച്ചു. ഉടൻ വണ്ടി സൈഡാക്കി യാത്രക്കാരെ മുഴുവൻ ഇറക്കി. ബ്ലോക്കാക്കണ്ടാ എന്ന് കരുതിയാണ് വണ്ടി സൈഡാക്കിയത്. ഞങ്ങളും ഇറങ്ങിയപ്പോൾത്തന്നെ തീ നന്നായി കത്തി. പുക ഉയർന്നപ്പോൾത്തന്നെ വണ്ടി സൈഡാക്കാൻ പറ്റി. വയർ ഷോർട്ടായിപ്പോയതാണെന്നാണ് തോന്നുന്നത്. വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണ്'', വണ്ടിയുടെ ഡ്രൈവർ പറയുന്നു. ദുരന്തമുണ്ടായപ്പോൾത്തന്നെ നാട്ടുകാർ ഇടപെട്ടതും പൊലീസ് ഓടിയെത്തി ഗതാഗതം നിയന്ത്രിച്ചതുമാണ് ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത്. രണ്ട് ഭാഗത്ത് നിന്നും വാഹനങ്ങൾ കടത്തി വിടുന്നത് നിയന്ത്രിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K