28 December, 2021 08:35:56 PM
എസ്ഡിപിഐ പ്രവർത്തകർക്ക് വിവരം ചോർത്തി നൽകി; പൊലീസുകാരന് സസ്പെൻഷൻ
തൊടുപുഴ: എസ് ഡി പി ഐ പ്രവർത്തകർക്ക് പൊലീസ് ക്രൈം റെക്കോർഡ്സിൽ നിന്ന് വിവരം ചോർത്തി നൽകിയ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സി പി ഒ പി.കെ. അനസിനെയാണ് സസ്പെന്റ് ചെയ്തത്. പൊലീസ് ഡാറ്റാ ബേസിൽ നിന്നും ആർ എസ് എസ് നേതാക്കളുടെ വിവരങ്ങൾ ചോർത്തിക്കൊടുക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തൊടുപുഴ വണ്ണപ്ര സ്വദേശിയാണ് സസ്പെൻഷനിലായ പൊലീസുകാരൻ. ഈ മാസം ആദ്യം ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ആദിവാസിയായ ബസ് കണ്ടക്ടറെ മക്കളുടെ മുന്നിൽ വെച്ച് ഒരു സംഘം ആക്രമിച്ചിരുന്നു. മക്കളുടെ മുന്നിൽവെച്ചായിരുന്നു ഇത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസുകാരൻ ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും വിവരങ്ങൾ ചോർത്തിനൽകിയിരുന്നുവെന്നും കണ്ടെത്തിയത്.
വണ്ണപ്പുറം മുള്ളരിങ്ങാട് താന്നിക്കല്‍ മനു സുദന്‍ (40) നാണ് മര്‍ദനമേറ്റത്. ഡിസംബർ മൂന്നിന് രാവിലെ 11ന് മങ്ങാട്ട് കവലയില്‍ വച്ചാണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട മനു ആലുവ കെ എസ് ആ ര്‍ ടി സി ഡിപ്പോയിലെ കണ്ടക്ടറാണ്. ഇയാള്‍ ഫേയ്‌സ്ബുക്കില്‍ വന്ന മറ്റൊരാളുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതിന് ശേഷം ഇന്നലെ രാവിലെ മുള്ളരിങ്ങാട്ടെ വീട്ടില്‍നിന്നും ബസില്‍ തൊടുപുഴയ്ക്ക് വരുന്ന വഴി ഫോണ്‍ വിളിച്ച് വണ്ണപ്പുറത്ത് ഇറങ്ങാന്‍ ചിലര്‍ അവശ്യപ്പെട്ടെങ്കിലും മനു അനുസരിച്ചില്ല.
ബസ് മങ്ങാട്ടുകവലയിൽ എത്തിയപ്പോള്‍ ഏതാനും ആളുകള്‍ ബസില്‍ കയറി. ഇവര്‍ മനുവിനെ ബസില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദനം. മക്കളുടെ കരച്ചിലും മറ്റു യാത്രക്കാരുടെ ബഹളവും കേട്ട് കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് അക്രമികള്‍ പിന്തിരിഞ്ഞത്. അക്രമത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് ബിജെപി അടക്കം ആരോപിച്ചിരുന്നു.