27 December, 2021 10:09:09 PM


ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മാരക മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ



പാലക്കാട്: സംസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മാരക മയക്കുമരുന്നുമായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ഷറഫുദ്ധീൻ, അക്ഷയ്, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 16 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം കണ്ടെടുത്തു.

ഇവരുടെ കൈയ്യിലുണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ സൂക്ഷിച്ചത്. എക്സൈസും റെയിൽവേ സംരക്ഷണ സേനയും ചേർന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം ആലുവയിൽ കോടികളുടെ ലഹരിമരുന്ന് പിടികൂടിയിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോയിലധികം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി.

മംഗള എക്സ്പ്രസിൽ ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്ന മയക്കുമരുന്ന് തൃശൂർ എക്സൈസ് ഇന്റലിജൻസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളിൽ ഒളിപ്പിച്ചാണ് പ്രതികള്‍ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്. 

പുതുവത്സരാഘോഷങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് യുവാക്കൾ വെളിപ്പെടുത്തി.  മൂന്ന് കോടിയിലധികം വിലവരുന്ന ലഹരിമരുന്നാണ് ആലുവയില്‍   നിന്നും പിടികൂടിയത്. ക്രിത്സമസ് പുതുവത്സരാഘോഷങ്ങള്‍ ലക്ഷ്യമിട്ട് വന്‍ തോതില്‍ മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകുന്നുണ്ടെന്നാണ് എക്സൈസ് പറയുന്നത്. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K