11 December, 2021 03:47:23 PM


അവിശ്വാസ പ്രമേയം പാസായി; മൂന്നാർ പഞ്ചായത്ത് ഇനി എൽഡിഎഫ് ഭരിക്കും



മൂന്നാര്‍: മൂന്നാര്‍ ഗ്രാമപഞ്ചായത്തിൽ വൈസ്പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. വിപ്പ് ലംഘിച്ച് രണ്ട് കോൺഗ്രസ് അംഗങ്ങൾ പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. വോട്ടെടുപ്പിന് നിമിഷങ്ങൾക്ക് മുമ്പ് രാജി വച്ചതിനാൽ പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുത്തില്ല

അത്യന്തം നാടകീയമായിരുന്നു മൂന്നാര്‍ പഞ്ചായത്തിലെ ഓരോ നീക്കങ്ങളും. കോണ്‍ഗ്രസ് അംഗങ്ങളായ പ്രവീണയും രാജേന്ദ്രനും കൂറുമാറി എൽഡിഎഫിനൊപ്പം ചേര്‍ന്നപ്പോൾ യു‍ഡിഎഫിന് നഷ്ടമായത് ഒന്നരപതിറ്റാണ്ടായി ഒപ്പം നിൽക്കുന്ന പഞ്ചായത്ത്. രണ്ട് ദിവസമായി അജ്ഞാത കേന്ദ്രത്തിലായിരുന്ന പ്രവീണയും രാജേന്ദ്രനും വോട്ടെടുപ്പിനായി എത്തിയപ്പോൾ കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് സംഘര്‍ഷത്തിലെത്തി. ഒടുവിൽ ലാത്തി വീശിയാണ് പൊലീസ് പ്രവര്‍ത്തകരെ ഓടിച്ചത്.

അവിശ്വാസം പാസാകുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് മണിമൊഴി രാജിച്ചു. ഇതോടെ പ്രസി‍ഡന്റിനെതിരായ അവിശ്വാസപ്രമേയത്തിൻമേലുള്ള ചര്‍ച്ച ഉപേക്ഷിച്ചു. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് മാര്‍ഷ് പീറ്ററിനെതിരായി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നതോടെ എതിരില്ലാത്ത 12 വോട്ടിന് പ്രമേയം പാസായി.

വികസനമുരടിപ്പിൽ നിന്ന് പഞ്ചായത്തിനെ മോചിപ്പിക്കാനാണ് എല്ലാം ചെയ്തതെന്നാണ് എൽഡിഎഫിന്റെ വിശദീകരണം. പ്രവീണയ്ക്ക് പ്രസിഡന്റ് സ്ഥാനവും രാജേന്ദ്രന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ സ്ഥാനവും എൽ‍ഡിഎഫ് വാഗ്ദാനം ചെയ്തതായാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K