09 December, 2021 06:47:12 PM
പെരുവന്താനത്ത് വാഹനാപകടം: രണ്ടു ശബരിമല തീർഥാടകർ മരിച്ചു
മുണ്ടക്കയം: കെകെ റോഡിൽ പെരുവന്താനത്തിന് സമീപം അമലഗിരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു ശബരിമല തീർഥാടകർ മരിച്ചു. ആന്ധ്രാപ്രദേശിലെ കർണൂൽ സ്വദേശികളായ ആദിനാരായണൻ, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്. ദേശീയപാതയോരത്ത് വാഹനം നിർത്തി റോഡിന്റെ വശത്ത് നിന്ന അയ്യപ്പ ഭക്തന്മാർ ബസിടിച്ചാണ് മരിച്ചത്. മരിച്ച അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ട്രാവലർ വാൻ തൊടുപുഴയിലേക്ക് പോയ ഒരു സംഘത്തിന്റെ കാറിന് പിന്നിൽ ഇടിച്ചു.
പിന്നാലെ ഇരുവാഹനങ്ങളിലെയും ആളുകൾ റോഡ് വശത്ത് നിന്ന് സംസാരിക്കുന്നതിനിടെ ആന്ധ്രയിൽ നിന്നും ശബരിമല തീർഥാടകരുമായി എത്തിയ മറ്റൊരു ബസ് ട്രാവലറിന് പിന്നിൽ ഇടിക്കുകയും മരിച്ച ഇരുവരും ട്രാവലറിന് അടിയിൽ കുടുങ്ങുകയുമായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങൾ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിലേക്ക് ആദ്യം മാറ്റി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് പിന്നീട് മാറ്റും.