03 December, 2021 02:58:10 PM
അമ്പലപ്പുഴയില്‍ പരിഭ്രാന്തി പരത്തി തെരുവ്നായ്ക്കള്‍; 12 പേര്‍ക്ക് കടിയേറ്റു
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്കു കടിയേറ്റു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമാണ് ഒരു പ്രദേശമാകെ നായ്ക്കൾ പരിഭ്രാന്തി പരത്തിയത്. ചിലരെ വീട്ടിൽ കയറിയും നായക്കൂട്ടം ആക്രമിച്ചു. വളഞ്ഞ വഴി പടിഞ്ഞാറ് തീരമേഖലയിലാണ് കൂടുതൽ പേർ ആക്രമണത്തിനിരയായത്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14-ാം വാർഡ്പാലച്ചുവട്ടിൽ തമ്പിയുടെ ഭാര്യ സുമ (49) പുതുവൽ മാർട്ടിന്റെ മകൻ എബി (17) പുതുവൽ ഘോഷിന്റെ മകൻ ജിഷ്ണു ( 24) വിജയ രാഘവൻ (55) വി.ആർ. രജിത്ത് (40) എന്നിവരുൾപ്പെടെ 12 പേർക്കാണ് നായകളുടെ കടിയേറ്റത്.
ഇവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടി. അതേസമയം, അമ്പലപ്പുഴ തെക്ക്, വടക്ക്, പുന്ന പ്ര, പുറക്കാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാസങ്ങളായി തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. കടലോരത്താണ് ഏറെയും തമ്പടിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിൽ മൽസ്യ വിൽപ്പന നടത്തുന്ന ആൾക്കു നായ കുറുകെ ചാടി ഗുരുതര പരിക്കു പറ്റിയിരുന്നു.
തീരദേശത്തു മത്സ്യക്ഷാമം രൂക്ഷമായതോടെ ഇവക്കു ഭക്ഷണം കിട്ടാതായി. ഇതോടെ നായക്കൂട്ടം റോഡിലും വീടുകളിലും അലയാൻ തുടങ്ങി. വാഹന യാത്രക്കാർക്കും നായകൾ ഭീഷണിയാണ്. രാത്രികാലങ്ങളിൽ റോഡിന്റെ മധ്യത്തിൽ കിടക്കുന്ന ഇവ വാഹനം അടുത്തെത്തിയാലും മാറില്ല. അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.