02 December, 2021 09:04:56 AM
ഉറങ്ങിക്കിടക്കുമ്പോൾ വെള്ളം ഇരച്ചെത്തി; പ്രതിഷേധവുമായി നാട്ടുകാർ
കട്ടപ്പന: മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. പുലർച്ചെ പത്ത് സ്പില്‍വേ ഷട്ടറുകള്‍ അറുപത് സെ.മീ വീതം ഉയര്‍ത്തിയതിനു പിന്നാലെ പെരിയാറിൽ വലിയ ജലപ്രവാഹം ഉണ്ടായി. പെരിയാറിന്റെ തീരത്തെ നിരവധി വീടുകളിൽ വെള്ളം കയറി.
വള്ളക്കടവ് ഭാഗത്തെ പത്ത് വീടുകളിലാണ് വെള്ളം കയറിയത്. രാത്രിയിൽ ഉറങ്ങുന്ന സമയമായിരുന്നതിനാൽ വെള്ളം ഇരച്ചെത്തിയത് പലരും അറിഞ്ഞില്ല. ഇത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. രാത്രിയിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ ആളാണ് ജലനിരപ്പ് ഉയരുന്നതുകണ്ട് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയത്. ഏഴടിയോളം വെള്ളം പെട്ടെന്ന് ഉയർന്നു. ഇതോടെ ജനം പരിഭ്രാന്തരായി തടിച്ചുകൂടി.
പുലർച്ചെ മുന്നറിയിപ്പുമായെത്തിയ അനൗണ്‍സ്മെന്റ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ വെള്ളം തുറന്നു വിട്ടിട്ട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞാല്‍ കുട്ടികളും പ്രായമായവരെയും കൊണ്ട് എവിടെപ്പോകുമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാത നാട്ടുകാർ ഉപരോധിക്കുകയാണ്. പെരിയാർ തീരദേശവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
വ്യാഴാഴ്ച പുലർച്ചെയാണ് ഡാമിന്റെ പത്ത് സ്പിൽവെ ഷട്ടറുകൾ ഉയർത്തിയത്. ഷട്ടറുകൾ 60 സെ.മീ വീതമാണ് ഉയർത്തിയത്. ജലനിരപ്പ് ഉയരുന്നതിനെ തുടർന്നായിരുന്നു നടപടി. സെക്കൻഡിൽ 8000 ഘനയടിയോളം വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. സീസണിൽ ആദ്യമായാണ് ഇത്രയും ഷട്ടറുകൾ തുറക്കുന്നത്. പെരിയാറിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടർ മുന്നറിയിപ്പ് നൽകി. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളിൽ വീടുകളിൽ വെള്ളവും കയറി.