26 November, 2021 05:49:54 PM
ഭരണഘടനയെ സംരക്ഷിക്കേണ്ടത് പൗരന്‍മാരുടെ കടമ - ഡോ. ബി. കലാം പാഷ
പാലക്കാട്: ഇന്ത്യയിലെ എല്ലാ നിയമങ്ങളുടെയും മാതാവായ ഭരണഘടന സംരക്ഷിക്കേണ്ടതും പാലിക്കേണ്ടതും നമ്മുടെ കടമയാണെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ ഡോ. ബി. കലാം പാഷ പറഞ്ഞു. ഭേദഗതികള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നത് അനിവാര്യമാണ്. ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഭരണഘടനയെ അനുസരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ദിനത്തിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും നെഹ്‌റുയുവ കേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ വി.ജി അനുപമ അധ്യക്ഷയായി.
മൗലിക അവകാശങ്ങളോടൊപ്പം മൗലികകര്‍ത്തവ്യങ്ങളെ കുറിച്ചും പൗരന്മാര്‍ ബോധവാന്മാരാകണമെന്ന സന്ദേശത്തോടെ വിദ്യാര്‍ഥികള്‍ക്കായി മൗലികകര്‍ത്തവ്യങ്ങളെ സംബന്ധിച്ച് അഡ്വ.കെ. വിജയ ക്ലാസെടുത്തു. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുക എന്നത് ഏതൊരു പൗരന്റെയും കര്‍ത്തവ്യമാണ്. അനീതികള്‍ക്കെതിരെ പ്രതികരിക്കാനും നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിക്കാനും ഓരോ പൗരനും പ്രതിജ്ഞാബദ്ധരാണെന്ന് അഡ്വ.കെ. വിജയ് പറഞ്ഞു.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രശ്‌നോത്തരി മത്സരത്തില്‍ പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജിലെ ഗായത്രി വിജയ് ഒന്നാം സ്ഥാനവും അനില്‍ കൃഷ്ണ, ആതിര എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കാവേരി കുട്ടി, എന്‍.വൈ.കെ പ്രതിനിധി എന്‍. കര്‍പ്പകം എന്നിവര്‍ പങ്കെടുത്തു.