24 November, 2021 01:30:00 PM
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനിമോൾ നന്ദകുമാർ രാജി വച്ചു
തൊടുപുഴ: വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കുമിടെ ഇടുക്കി അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനിമോൾ നന്ദകുമാർ രാജി വച്ചു. തപാൽ മാർഗമാണ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് രാജിക്കത്ത് അയച്ചത്. പ്രസിഡന്റ് സ്ഥാനത്തിനൊപ്പം പഞ്ചായത്ത് അംഗത്വവും മിനി നന്ദകുമാർ രാജി വച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് രാജിക്കത്ത് ലഭിച്ചത്. നിയമ സാധുത ഉള്ളതിനാൽ സെക്രട്ടറി കത്ത് സ്വീകരിച്ചു.
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഈ മാസം 12 മുതലാണ് മിനി നന്ദകുമാർ അവധിയിൽ പ്രവേശിച്ചത്. ഇതിന് ശേഷം ഇവർ എവിടെയാണെന്ന് വ്യക്തതയുണ്ടായിരുന്നില്ല. ഇതിനിടെ പല പ്രചാരണങ്ങളുമുണ്ടായി. ഇതിനിടെയാണ് കഴിഞ്ഞ 18ന് ദൂതൻ വഴി സെക്രട്ടറിയ്ക്ക് രാജിക്കത്ത് നൽകി. എന്നാൽ നിയമപരമായ തടസങ്ങൾ ഉള്ളതിനാൽ സെക്രട്ടറി രാജി സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ സിപിഐയിൽ നിന്ന് മിനി നന്ദകുമാർ രാജി വെച്ചു. ഭരണ സമിതിയ്ക്കുള്ളിലെ അസ്വാരസ്യങ്ങളാണ് പ്രസിഡന്റിന്റെ രാജിയ്ക്ക് കാരണമെന്നാണ് സൂചന.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയുള്ള പ്രസിഡന്റിന്റെ രാജിയും ഭരണ പ്രതിസന്ധിയ്ക്ക് കാരണമാകും. 13 അംഗ ഭരണസമിതിയില്‍ സിപിഎമ്മിന്- 4, സിപിഐക്ക്- 3, കേരള കോണ്‍ഗ്രസ്- 1 എന്നിങ്ങനെയാണ് അംഗങ്ങളുള്ളത്. മുന്നണി തീരുമാനം അനുസരിച്ച് സിപിഐയ്‌ക്കാണ് ആദ്യ രണ്ടുവര്‍ഷം പ്രസിഡന്റ് സ്ഥാനം. സിപിഐയിലെ മിനിമോള്‍ നന്ദകുമാറിനെയാണ് ആദ്യ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
മിനിമോള്‍ നന്ദകുമാറുമായി സിപിഐയിലെ ഒരംഗവും സിപിഎം അംഗങ്ങളും കൊമ്പുകോര്‍ക്കുന്നത് പതിവാകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ സാമ്പത്തിക ബാധ്യതയും ഇവര്‍ക്ക് ഉണ്ടായതായി പറയപ്പെടുന്നു. ഇതിനിടയിലാണ് കഴിഞ്ഞ 12ന് അപ്രതീക്ഷിതമായി മിനിമോള്‍ നന്ദകുമാര്‍ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയില്‍ പ്രവേശിച്ചത്. അവധിക്ക് അപേക്ഷ കിട്ടിക്കഴിഞ്ഞാണ് മറ്റംഗങ്ങള്‍പോലും വിവരം അറിഞ്ഞത്.