20 November, 2021 01:18:04 PM
കുതിരയുടെ ആക്രമണത്തില്‍ ബാലന് പരിക്കേറ്റു; പുറത്ത് പറയാതിരിക്കാൻ ഉടമയുടെ ഭീഷണി
ദേവികുളം: വിറളി പിടിച്ച് ഓടിയ സവാരിക്കുതിര മൈതാനത്ത് കളിക്കുകയായിരുന്ന വിദ്യാർഥിയെ ആക്രമിച്ചു. സാരമായി പരിക്കേറ്റ് പന്ത്രണ്ടുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം പുറത്ത് പറയാതിരിക്കാൻ കുട്ടിയെ കുതിരക്കാരൻ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നു. കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കൊരണ്ടക്കാട് ഡിവിഷനിൽ ഷാനുവിന്‍റെ മകൻ സ്റ്റനീഷി ( 12 )നാണ് പരിക്കേറ്റത്. മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് സ്റ്റനീഷ്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
സ്റ്റനീഷും കൂട്ടുകാരും കൊരണ്ടക്കാട് മൈതാനത്തിൽ കളിക്കുകയായിരുന്നു. ആ സമയത്ത് സഞ്ചാരികൾക്ക് സവാരി നടത്തുന്നതിനായി കൊണ്ടുവന്ന കുതിരകളിലൊന്ന് വിറളി പിടിച്ചോടി കുട്ടിയെ ആക്രമിച്ചത്. മുഖത്തും ശരീരത്തും പരിക്കേറ്റ് കിടന്ന കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കുതിരയുടെ ഉടമയുടെ ഭീഷണിയെ തുടർന്ന് കളിക്കിടയിൽ വീണ് പരിക്കേറ്റതാണെന്നാണ് വിവരമറിഞ്ഞെത്തിയ മാതാപിതാക്കളോട് കുട്ടി പറഞ്ഞത്.
വെള്ളിയാഴ്ച രാവിലെ കുട്ടി വീണ്ടും അസ്വസ്ഥതത പ്രകടിപ്പിച്ചതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. മാതാപിതാക്കൾ കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് കുതിര ആക്രമിച്ച കാര്യവും കുതിരക്കാരന്‍റെ ഭീഷണിയുടെ കാര്യവും കുട്ടി പറയുന്നത്. ഇതോടെ മാതാപിതാക്കൾ ദേവികുളം പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതോടെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുതിരയുടെ ഉടമകൾ തനിക്ക് നേരേ വധഭീഷണി ഉയർത്തിയതായി ഷാനു പറഞ്ഞു.
സംഭവം സംബന്ധിച്ച് ചൈൽഡ് ലൈനും പരാതി നൽകുമെന്ന് ഷാനു വ്യക്തമാക്കി. മൂന്നാർ - മാട്ടുപ്പെട്ടി റോഡിലുള്ള കൊരണ്ടക്കാട് 13 കുതിരകളാണ് സവാരിക്കായുള്ളത്. യാതൊരു സുരക്ഷാ സംവിധാനങ്ങളോ സർക്കാർ അനുമതിയോ ഇല്ലാതെയാണ് ഇവിടെ കുതിര സവാരി നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. വൈകുന്നേരങ്ങളിൽ കുതിരയെ കെട്ടിയിടാതെ അഴിച്ചു വിട്ടിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.