20 November, 2021 10:32:04 AM
സഞ്ജിത്തിന്‍റെ കൊലപാതകികള്‍ എത്തിയത് വടക്കഞ്ചേരിയില്‍ നിന്നും പൊളിക്കാന്‍ വിറ്റ കാറില്‍?
പാലക്കാട്: പാലക്കാട് മമ്പറത്ത് ഭാര്യയുടെ മുന്നിലിട്ട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താൻ കാരണം രാഷ്ട്രീയവിരോധം തന്നെയെന്ന് പൊലീസിന്‍റെ പ്രഥമവിവരറിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ 8.45-ന് മമ്പറം പുതുഗ്രാമത്ത് വച്ച് രാഷ്ട്രീയവിരോധത്തിന്‍റെ പേരിൽ കൊലപാതകം നടന്നുവെന്നാണ് എഫ്ഐആർ പറയുന്നത്. എന്നാൽ രാഷ്ട്രീയവിരോധം എന്നല്ലാതെ എന്താണ് യഥാര്‍ത്ഥ കൊലപാതകകാരണമെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടില്ല. പ്രതികളുടെ പേരുകളും എഫ്ഐആറിലില്ല. അതേസമയം, കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്നാണ് ബിജെപിയുടെ ആരോപണം.
കൊല നടന്ന് ആറ് ദിവസം പിന്നിടുമ്പോഴാണ് എഫ്ഐആർ പകർപ്പ് പുറത്തുവരുന്നത്. കണ്ടാലറിയാവുന്ന അഞ്ച് പേരാണ് കൊലപാതകത്തിന് പിന്നിലെന്നും കൊലപാതകികൾ വന്നത് വെളുത്ത ചെറിയ കാറിലെന്നും എഫ്ഐആർ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പാലക്കാട് എസ്‍പി ആര്‍ വിശ്വനാഥിന്‍റെ മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം. പാലക്കാട്, ആലത്തൂര്‍ ഡിവൈഎസ്പിമാര്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗമാണ്. പാലക്കാട്, കസബ, മീനാക്ഷിപുരം, നെന്മാറ, കൊഴിഞ്ഞാമ്പാറ, ചെര്‍പ്പുളശ്ശേരി സിഐമാരും സംഘത്തിലുണ്ട്.
തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ അഞ്ചംഗസംഘം സഞ്ജിത്തിനെ ഇടിച്ചുവീഴ്ത്തി ആക്രമിച്ചത്. തലയിലേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക പരിശോധനയിൽ വ്യക്തമാക്കിയിരുന്നു. മുപ്പതിലേറെ വെട്ടുകളാണ് സഞ്ജിത്തിന്‍റെ ശരീരത്തിലേറ്റത്. ഒരു കൊല്ലം മുമ്പ് സഞ്ജിത്തിനെ എസ്‍ഡിപിഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എസ്‍ഡിപിഐ നടത്തിയതെന്നാണ് ബിജെപി ആരോപണം.
സംഭവത്തിൽ പൊലീസ് പ്രതിയെന്ന് കരുതപ്പെടുന്നയാളുടെ രേഖാചിത്രം തയ്യാറാക്കി പുറത്തുവിട്ടിരുന്നു. മുഖ്യദൃക്സാക്ഷി സഞ്ജിത്തിന്‍റെ ഭാര്യ അർഷിക തന്നെയാണ്. കേസുമായി ബന്ധപ്പെട്ട് ചില എസ്‍ഡിപിഐ പ്രവർത്തകരുടെ മൊഴിയെടുത്തെങ്കിലും പ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇന്നലെ കണ്ണന്നൂർ ദേശീയ പാതയിൽ നിന്നും ലഭിച്ച നാലു വടിവാളുകളെക്കുറിച്ചുള്ള ഫൊറൻസിക് ലാബ് പരിശോധനാ ഫലം വന്നാൽ മാത്രമേ ഇത് പ്രതികൾ ഉപയോഗിച്ചതാണോയെന്ന് സ്ഥിരീകരിക്കാനാവൂ. പ്രതികൾക്കായി തമിഴ്നാട്ടിലെ എസ്‍ഡിപിഐ ശക്തി കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. തൃശ്ശൂരിലേക്ക് പോകാതെ സര്‍വ്വീസ് റോഡില്‍ നിന്നും തമിഴ്നാട് ഭാഗത്തേക്ക് പ്രതികള്‍ കടന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് എസ്ഡിപിഐയുടെ ശക്തി കേന്ദ്രങ്ങളായ കോയമ്പത്തൂരിലെ ഉക്കടം, കരിമ്പുകട എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
അതിനിടെ പ്രതികള്‍ സഞ്ചരിച്ച മാരുതി 800 വാഹനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. പഴയ വാഹനമാണ്. അതിന്‍റെ ചില്ലുകളില്‍ കൂളിങ് ഗ്ലാസ് ഒട്ടിച്ചിട്ടുണ്ട്. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497990095, 9497987146 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും പൊലീസ് അഭ്യര്‍ഥിക്കുന്നു. വടക്കഞ്ചേരിയിലെ ഡ്രൈവിങ്ങ് സ്കൂളിൽ നിന്നും ഒന്നരക്കൊല്ലം മുമ്പ് പൊളിക്കാൻ നൽകിയ കാർ പ്രതികൾ ഉപയോഗിച്ച കാറിനോട് സാമ്യമുള്ളതിനാൽ ഉടമയുടെ മൊഴിയെടുത്തിരുന്നു. കൂടുതൽ എസ്‍ഡിപിഐ നേതാക്കളെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു വരികയാണ്.