19 November, 2021 05:19:30 PM


കാട്ടാന വീട് തകര്‍ത്ത് അകത്തു കയറി; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



മൂന്നാര്‍: കന്നിമല ലോവര്‍ എസ്റ്റേറ്റില്‍ കുട്ടികൊമ്പനുമായി എത്തിയ കാട്ടാനക്കൂട്ടം വീട് തകര്‍ത്ത് അകത്തുകയറി. ആക്രമണത്തിൽ നിന്ന് പോസ്റ്റുമാസ്റ്ററും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാത്രി ഒരു മണിയോടെയാണ് കുട്ടിക്കൊനുമൊത്ത് കാട്ടാനക്കൂട്ടം എത്തിയത്. ആദ്യം ആശുപത്രി കെട്ടിടവും വാഹനവും സ്‌കൂളിന്റെ കഞ്ഞിപ്പുരയും നശിപ്പിച്ച കാട്ടാനക്കൂട്ടം പോസ്റ്റുമാസ്റ്ററും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. 

സംഭവ സമയത്ത് പോസ്റ്റുമാസ്റ്ററും അമ്മയും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടിയ ഇവ‍ർ തലനാരിഴയ്ക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന കരിമ്പും മറ്റ് ഭക്ഷണ വസ്തുക്കളും അകത്താക്കി നിലയുറപ്പിച്ച കാട്ടാനകളെ സമീപവാസികള്‍ ശബ്ദമുണ്ടാക്കിയാണ് കാടുകയറ്റിയത്. 

കഴിഞ്ഞ ദിവസം പെരിയവാര എസ്റ്റേറ്റിന്റെ സമീപത്തും കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളികളുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ദേശീയപാതകളിലും പോക്കറ്റ് റോഡുകളിലും എസ്‌റ്റേറ്റുകളിലും ഇടവിടാതെ കാട്ടാനകള്‍ കൂട്ടമായും ഒറ്റതിരിഞ്ഞും ഇറങ്ങിയിട്ടും വന്യമൃഗങ്ങളെ കാടുകയറ്റാന്‍ വനപാലകര്‍ ശ്രമിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K