18 November, 2021 05:19:45 PM
ആളിയാര്‍ ഡാം: പുഴകളിലെ ജലനിരപ്പ് അപകട നിലയിലല്ല - ദുരന്തനിവാരണ അതോറിറ്റി
പാലക്കാട്: ആളിയാര്‍ ഡാം കഴിഞ്ഞ രാത്രി 10.30ന് തുറന്നതിനു ശേഷം ജെ.ഡബ്ല്യു.ആര്‍ (ജോയിന്‍റ് വാട്ടര്‍ റെഗുലേറ്ററി) വിഭാഗം ചിറ്റൂര്‍ ഇറിഗേഷന്‍ എന്‍ജിനീയര്‍ക്ക് അറിയിപ്പ് നല്‍കിയതായും ഇതിനെ തുടര്‍ന്ന് ചിറ്റൂര്‍ ഇറിഗേഷന്‍ വിഭാഗം മറ്റ് എഞ്ചിനീയര്‍മാരുമായി സഹകരിച്ച് തഹസില്‍ദാര്‍, പോലീസ്, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിവരം നല്‍കിയതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ആളിയാര്‍ ഡാമിലെ ജലനിരപ്പ് ഒരു മാസമായി മഴയുടെ അളവനുസരിച്ച് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി നിശ്ചിത സമയങ്ങളില്‍ തുറക്കുകയും അടയ്ക്കുകയും ചെയ്തു വരുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി 6000 ക്യുസെക്‌സ് വെള്ളം തുറന്നു വിടുകയാണ് ഉണ്ടായത്.
ആളിയാര്‍ ഡാമില്‍ നിന്നും വെള്ളം പാലക്കാട് എത്താന്‍ പരമാവധി ആറ് മുതല്‍ ഏഴ് മണിക്കൂര്‍ സമയമെടുക്കും. ഇത്രയും ജലം ഒഴുക്കിവിട്ട ശേഷം ഷട്ടര്‍ അടക്കുകയും വീണ്ടും ഇന്ന് രാവിലെ 10.30 ന് തുറക്കുകയും 2550 ക്യുസെക്‌സ് വെള്ളം ഒഴുക്കി വിടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും പാലക്കാടും മഴ കൂടുതലായിരുന്നു. നിലവില്‍ ജില്ലയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. എല്ലാ പുഴകളിലും അപകടനിലയെക്കാള്‍ താഴെയാണ് ജലനിരപ്പ്. ഇതിനാല്‍ പുഴകളില്‍ കൂടുതല്‍ ജലം ഉള്‍കൊള്ളാനാകുമെന്നും നിലവില്‍ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
സി.ഡബ്ല്യു.സി റിവര്‍ മോണിറ്ററിങ് സ്‌റ്റേഷന്‍റെ കണക്കുപ്രകാരമുള്ള പുഴകളിലെ ജലനിരപ്പ്
പുത്തൂര്‍ - അപകടകരമായ ജലനിരപ്പ് -63.5 മീറ്റര്‍ , നിലവിലെ ജലനിരപ്പ് -62.48 മീറ്റര്‍
മങ്കര -അപകടകരമായ ജലനിരപ്പ് - 51.53 മീറ്റര്‍ , നിലവിലെ ജലനിരപ്പ് - 47.99 മീറ്റര്‍
കുമ്പിടി - അപകടകരമായ ജലനിരപ്പ് - 8.2 മീറ്റര്‍ , നിലവിലെ ജലനിരപ്പ് - 4.76 മീറ്റര്‍