16 November, 2021 07:45:44 PM


ദേശീയ ആരോഗ്യ ഐ.ഡി കാര്‍ഡ് സൗജന്യ ചികിത്സക്കുള്ളതല്ല; പ്രചരണം വ്യാജം



പാലക്കാട്: ദേശീയ ആരോഗ്യ ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭ്യമാകുമെന്ന പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് സംസ്ഥാന ആരോഗ്യ ഏജന്‍സി ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു. രാജ്യത്തെ ഓരോ വ്യക്തിയുടെയും ആരോഗ്യ ചരിത്രം, പരിശോധന ഫലങ്ങള്‍, രോഗ നിര്‍ണയം, ചികിത്സാ വിവരങ്ങള്‍ തുടങ്ങിയ രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിച്ച് ഇലക്ട്രോണിക്സ് സംവിധാനത്തില്‍ സൂക്ഷിക്കുകയാണ് ദേശീയ ആരോഗ്യ ഐ.ഡി കാര്‍ഡിന്റെ ഉദ്ദേശ്യം. പൗരന്‍മാരുടെ അനാവശ്യ ചികിത്സാ പരിശോധനകള്‍ ഒഴിവാക്കാനാവുന്നു എന്നതാണ് ഇതിന്റെ പ്രയോജനം. ഇതുവഴി സൗജന്യ ചികിത്സ ലഭിക്കുമെന്നുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്.


2018 - 19 വര്‍ഷത്തില്‍ രാഷ്ട്രീയ സ്വാസ്ത്യ ഭീമായോജന (ആര്‍.എസ്.ബി.വൈ) ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കിയിട്ടുള്ളവര്‍, ആരോഗ്യ ഇന്‍ഷുറന്‍സ് ഗുണഭോക്താവാണെന്ന് കാണിച്ച് പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്നും കത്ത് ലഭിച്ചവര്‍ അല്ലെങ്കില്‍ 2011 ലെ കാസ്റ്റ് സെന്‍സസ്  (എസ്.ഇ.സി.സി) പ്രകാരം അര്‍ഹരായവരാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കള്‍.


ഇവരല്ലാതെ പുതിയ ഗുണഭോക്താക്കളെ പദ്ധതിയില്‍ ചേര്‍ക്കാന്‍ വേണ്ട യാതൊരു തീരുമാനം സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ തീരുമാനിക്കാത്തതിനാല്‍ ദേശീയ ആരോഗ്യ ഐ.ഡി കാര്‍ഡുള്ള ഗുണഭോക്താക്കള്‍ക്ക് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെയോ ആയുഷ്മാന്‍ ഭാരത് പി.എം.ജെ.വൈ പദ്ധതിയുടെയോ സൗജന്യ ചികിത്സ ലഭ്യമാവുകയില്ല. ഈ രീതിയില്‍ ചില സ്വകാര്യ വ്യക്തികളുടെയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാവരുതെന്നും സംസ്ഥാന ആരോഗ്യ ഏജന്‍സി ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K