15 November, 2021 05:52:50 PM


സാക്ഷരതാമിഷന്‍റെ മികവുത്സവം: പാലക്കാട് ജില്ലയില്‍ 2802 പേര്‍ പരീക്ഷ എഴുതി



പാലക്കാട്: സാക്ഷരതാ മിഷന്‍ വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ മികവുത്സവം പരീക്ഷ ജില്ലയില്‍ 2802 പേര്‍ പരീക്ഷ എഴുതി. 2399 പേര്‍ സ്ത്രീകളും, 403 പേര്‍ പുരുഷന്‍മാരുമാരും ഉള്‍പ്പെടുന്നു. 90 വയസ്സുള്ള ഒറ്റപ്പാലം നഗരസഭ സ്വദേശിനി പത്മാവതിയമ്മയാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ്. 1437 പേര്‍ എസി.സി വിഭാഗത്തിലും, 19 പേര്‍ എസ്.ടി വിഭാഗത്തിലും ഉള്‍പ്പെടുന്നു. മികവുത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ പുതുനഗരം മുസ്ലീം ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ നിര്‍വഹിച്ചിരുന്നു. ആലത്തൂര്‍ ബ്ലോക്കില്‍ കെ ഡി പ്രസേനന്‍ എം.എല്‍.എ ചോദ്യപേപ്പര്‍ നല്‍കി പഠിതാക്കളെ വരവേറ്റു. മറ്റിടങ്ങളില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭ ചെയര്‍മാന്‍മാര്‍, പ്രസിഡന്റ്മാര്‍, മറ്റ് ജനപ്രതിനിധികളും നേതൃത്വം നല്‍കി.  

നവംബര്‍ 16,17 തീയതികളിലായി ജില്ലാ തലത്തില്‍ മാര്‍ക്ക് ലിസ്റ്റുകള്‍ പരിശോധിക്കും. നവംബര്‍ 25 ന് ഫലപ്രഖ്യാപനവും, ഡിസംബര്‍ 10 ന് സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. കുഴല്‍മന്ദം ബ്ലോക്കിനു കീഴിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ പരീക്ഷ എഴുതിയത്-  303 പേര്‍. അട്ടപ്പാടി ആദിവാസി ഊരുകളിലെ സാക്ഷരത പഠിതാക്കളെ ഒഴിവാക്കിയാണ് ഇത്രയും പേര്‍ പരീക്ഷ എഴുതിയത്. അട്ടപ്പാടി പ്രത്യേക  സാക്ഷരതാ പദ്ധതിയുടെ ഭാഗമായി 5522 പേര്‍ ഇതിനോടകം പഠനം പൂര്‍ത്തിയാക്കിയതായും സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K