14 November, 2021 12:44:20 PM
ബ്രദര്‍ ആല്‍ബിന്‍ അന്ന് ഇറച്ചി ആല്‍ബിൻ: ക്വട്ടേഷൻ നടക്കാത്തത് ചാക്കോ മരിക്കാന്‍ കാരണമായി
ആലപ്പുഴ: 37 വര്‍ഷം മുമ്പ് നടന്ന ആ സംഭവം ഒരിക്കല്‍ കൂടി ഓര്‍ത്തെടുക്കുകയാണ് പുന്നപ്ര ശാന്തിഭവന്‍ മാനേജിംഗ് ട്രസ്റ്റി ബ്രദര്‍ മാത്യു ആല്‍ബിന്‍. ഇന്നത്തെ ബ്രദര്‍ ആല്‍ബിന്‍ അന്ന് വെട്ടും കുത്തും ഗുണ്ടായിസവും തൊഴിലാക്കിയ ഇറച്ചി ആല്‍ബിനായിരുന്നു. അബുദാബിയില്‍ ജോലി നോക്കിയിരുന്ന സുകുമാരക്കുറുപ്പ് നാട്ടില്‍ വന്ന ശേഷം വണ്ടാനം മെഡിക്കല്‍ കോളേജിന് കിഴക്കായിരുന്നു താമസിച്ചിരുന്നത്. നാട്ടില്‍ വളരെ മാന്യന്‍. പൊലീസിനും നാട്ടുകാര്‍ക്കും ഭീഷണിയായി ആല്‍ബിനും പുരുഷനുമടങ്ങിയ സംഘം നാട്ടില്‍ വാഴുന്ന കാലം.
ഇവര്‍ കുറുപ്പിന്റെ അയല്‍വാസിയും മറ്റു ചിലരുമായി തല്ലുണ്ടാക്കി. ഇതില്‍ ചിലര്‍ക്ക് വെട്ടേറ്റു. അടുത്ത ദിവസം സുകുമാരക്കുറുപ്പിന്റെ നേതൃത്വത്തില്‍ ആല്‍ബിനെതിരെ പുന്നപ്ര പൊലീസില്‍ പരാതി നല്‍കി. പക മൂത്ത മാത്യു ആല്‍ബിന്‍ രാത്രി കുറുപ്പിന്റെ വീട്ടിലെത്തി വധഭീഷണി മുഴക്കി. ആല്‍ബിന്റെ ചങ്കൂറ്റത്തിന് മുന്നില്‍ കുറുപ്പ് ഒന്ന് പതറി. ഈ സമയം മൃതദേഹം കത്തിച്ച് വിദേശത്ത് നിന്ന് ഇന്‍ഷ്വറന്‍സ് തുക തട്ടാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയായിരുന്നു സുകുമാരക്കുറുപ്പ്. അങ്ങനെയാണ് മൃതദേഹം ഒപ്പിക്കാന്‍ ആല്‍ബിന്റെ സഹായം തേടിയത്.
ഈ സമയം പൊലീസിന്റെ കണ്ണുവെട്ടിച്ച് ആല്‍ബിന്‍ അന്തിയുറങ്ങിയിരുന്നത് ആലപ്പുഴ വലിയ ചുടുകാട്ടിലായിരുന്നു. അടുത്ത ദിവസം കുറുപ്പ് ആല്‍ബിനെ തേടിയെത്തി. കാര്യങ്ങള്‍ വിവരിച്ചു. പഴക്കമില്ലാത്ത മൃതദേഹം എത്തിച്ച് നല്‍കിയാല്‍ കൈ നിറയെ കാശും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് തോട്ടപ്പള്ളിയിലെ കല്‍പ്പകവാടി ഷാപ്പിലിരുന്ന് മൂക്കറ്റം മദ്യപിക്കുന്നതിനിടെ പദ്ധതി തയ്യാറാക്കി.
തന്നെ നിരന്തരം പൊലീസിന് ഒറ്റുകൊടുക്കുന്ന പറവൂര്‍ സ്വദേശിയെ കൊന്ന് മൃതദേഹം സുകുമാരക്കുറുപ്പിന് കൈമാറാനായിരുന്നു ആല്‍ബിന്റെ പ്ലാന്‍. ഇതിനുള്ള അഡ്വാന്‍സും വാങ്ങി. എന്നാല്‍ മദ്യലഹരിയില്‍ ആല്‍ബിന്‍ ഇതെല്ലാം മറന്നു. അടുത്ത ദിവസം കൊല്ലം കള്ളിക്കാട് കടപ്പുറത്ത് മറ്റൊരു അടി പിടിക്കേസിനായി ആല്‍ബിനും സംഘവും പോയി. പറഞ്ഞ സമയത്ത് കുറുപ്പ് ആല്‍ബിന്റെ വീട്ടിലെത്തിയെങ്കിലും ഭര്‍ത്താവ് ഇല്ലെന്ന മറുപടിയാണ് ഭാര്യ മേരി നല്‍കിയത്. അവിടെ നിന്ന് മടങ്ങും വഴിയാണ് ദേശീയപാതയില്‍ കരുവാറ്റ ഭാഗത്തുവച്ച് ഫിലിം റെപ്രസന്റേറ്റീവായ ആലപ്പുഴ സ്വദേശി ചാക്കോയെ കാറില്‍ കയറ്റുന്നത്. അത് ചാക്കോയുടെ അന്ത്യയാത്രയായിരുന്നു.