14 November, 2021 12:29:02 PM
മൈദ വാങ്ങി പണം നൽകാതെ മുങ്ങി: രണ്ടു വര്‍ഷത്തിനു ശേഷം പിടിയില്‍; ഉള്ളികേസിലും പ്രതി
കണ്ണൂര്‍: ചക്കരക്കല്ലിലെ മൊത്ത കച്ചവട സ്ഥാപനത്തില്‍നിന്ന് മൈദ വാങ്ങി മുങ്ങിയ ആള്‍ രണ്ടു വര്‍ഷത്തിനു ശേഷം പിടിയില്‍. 80 ടണ്‍ മൈദ വാങ്ങി പണം നല്‍കാതെ മുങ്ങിയ പാലക്കാട് കോങ്ങാട് പച്ചനി ലക്ഷം വീട് കോളനിയിലെ അബ്ദുല്ല സേട്ടാണ് (38) അറസ്റ്റിലായത്. 24.5 ലക്ഷം നല്‍കാതെ കടന്നുകളഞ്ഞ പ്രതിയെ പാലക്കാട് പൊലീസാണ് പിടികൂടിയത്.
80 ടണ്‍ മൈദ വാങ്ങിയ ശേഷം രണ്ടു ലക്ഷം രൂപ മാത്രമാണ് ഇയാള്‍ നല്‍കിയിരുന്നത്. അവശേഷിക്കുന്ന 24.5 ലക്ഷം രൂപ പിന്നീട് നല്‍കാമെന്ന് പറഞ്ഞ പ്രതി കച്ചവട സ്ഥാപനത്തെ കബളിപ്പിക്കുകയായിരുന്നു. കര്‍ണാടക, മഹാരാഷ്ട്ര, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലായി ഇയാള്‍ക്കെതിരെ ലക്ഷങ്ങള്‍ തട്ടിയതിന് കേസുണ്ടെന്നും പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്ന് ഉള്ളി വാങ്ങി ഇയാള്‍ ഒരു കോടിയോളം രൂപ തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ബംഗളൂരു പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടതിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ചക്കരക്കല്ല് സിഐ സത്യനാഥന്‍, എസ്‌ഐ കെ രാജീവന്‍, എസ്‌സിപിഒമാരായ പ്രമോദ്, ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തലശ്ശേരി സിജെഎം കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.