14 November, 2021 09:56:51 AM
മഴയും നീരൊഴുക്കും ശക്തം; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിലേക്ക്
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു. നിലവിൽ 139.85 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമായി തുടരുകയാണ്. നാലായിരത്തോളം ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് മാറ്റമില്ലാതെ തുടരുന്നു. 556 ഘന അടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. കൂടുതൽ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
141 അടി വരെ റൂൾ ലെവൽ പ്രകാരം തമിഴ്നാടിന് വെള്ളം സംഭരിക്കാനാകും. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398. 68 അടിയായി. കഴിഞ്ഞദിവസത്തെ പുതുക്കിയ റൂൾ കർവനുസരിച്ച് 2400.03 അടിവരെ വെള്ളം സംഭരിക്കാനാകുമെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതിനു തയാറാവുകയില്ല. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. മഴ കനത്താൽ ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു.