08 November, 2021 02:20:19 PM


ചക്രസ്തംഭന സമരം: പാലക്കാട് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി



പാലക്കാട്: ഇന്ധനവില വര്‍ദ്ധനവിനെതിരായി കോണ്‍ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.
നാല് റോഡുകള്‍ ചേരുന്ന സുല്‍ത്താന്‍പേട്ട് ജങ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി സമരം ചെയ്യാനാവില്ലെന്ന് പോലീസ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. എന്നാല്‍ തങ്ങള്‍ നിശ്ചയിച്ച സ്ഥലം ഇതാണെന്നും സമരം നടത്തുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു.

പാലക്കാട് സുല്‍ത്താന്‍പേട്ട് ജങ്ഷനില്‍ വെച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വി.കെ. ശ്രീകണ്ഠന്‍ എംപി, രമ്യ ഹരിദാസ് എംപി തുടങ്ങിയ പ്രമുഖ നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കാനായി സ്ഥലത്തെത്തിയിരുന്നു. പതിനഞ്ചു മിനിറ്റാണ് സംസ്ഥാന വ്യാപകമായി പൊതുനിരത്തുകളില്‍ വാഹനം നിര്‍ത്തിയിട്ടുകൊണ്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനാണ് ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്തത്. സംസ്ഥാനം ഇന്ധന നികുതി കുറച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു സമരം നടന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K