06 November, 2021 07:02:20 PM


ഹണിട്രാപ്പ്: റിസോര്‍ട്ട് ഉടമയില്‍ നിന്നും 10 ലക്ഷം രൂപ തട്ടാന്‍ ശ്രമം; അഞ്ച് പേര്‍ പിടിയില്‍



ആലപ്പുഴ: ആലപ്പുഴയില്‍ മരാരിക്കുളത്തെ റിസോര്‍ട്ട് ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേര്‍ പൊലീസ് പിടിയില്‍. ഹണിട്രാപ്പിന് സമാനമായ രീതിയിലായിരുന്നു ഇവരുടെ തട്ടിപ്പ്. തൃശൂര്‍ മുള്ളൂര്‍ക്കര ആയൂര്‍ അങ്ങത്തുപറമ്പ് മുഹമ്മദ് ഷാഫില്‍(23), ചെറുതുരുത്തി കല്ലാടിക്കുന്നത്ത് അഷ്‌റഫ് (23), ചെറുതുരുത്തി കല്ലേക്കുന്ന് സനൂഷ് (22), മുളങ്കന്നത്തുകാവ് ചോറ്റുപാറ വലിയവിരിപ്പില്‍ എസ്.സനു (27), ചെറുതുരുത്തി പാളയംകോട്ടക്കാരന്‍ ബി.സജീര്‍ (30) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് തൃശൂരില്‍നിന്നു പിടികൂടിയത്.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശി, വാറാന്‍ കവലയ്ക്കു സമീപം റിസോര്‍ട്ട് നടത്തുന്ന നാല്‍പത്തിമൂന്നുകാരനെയാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്. ഇയാള്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. പലരോടും പണം കടമായി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് തൃശൂരിലെ ഒരു യുവതിയെ റിസോര്‍ട്ട് ഉടമ പരിചയപ്പെടുന്നത്. ഇവര്‍ ആവശ്യപ്പെട്ടതുപ്രകാരം ഇയാള്‍ തൃശൂരിലെത്തുകയായിരുന്നു.

ഒരു ലോഡ്ജില്‍ സ്ത്രീയുമായി സംസാരിക്കുന്നതിനിടെ ഒരു സംഘം യുവാക്കളെത്തി റിസോര്‍ട്ട് ഉടമയെ മര്‍ദിക്കുകയായിരുന്നു. ഇതിനിടെ ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം റിസോര്‍ട്ട് ഉടമയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ മണ്ണഞ്ചേരി പൊലീസില്‍ പരാതിയുമായി സമീപിച്ചു.

ഇതിനിടെ റിസോര്‍ട്ട് ഉടമ പല സുഹൃത്തുക്കളെയും വിളിച്ച് 10 ലക്ഷം രൂപ കടമായി ആവശ്യപ്പെട്ടതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സുഹൃത്തെന്ന രീതിയില്‍ ഇയാളുമായി പൊലീസ് ഫോണില്‍ സംസാരിച്ചു. ഇതോടെയാണ് അപകടത്തിലാണെന്നു മനസ്സിലായത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി എസ്‌ഐ കെ.ആര്‍.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൃശൂര്‍ ചെറുതുരുത്തിയില്‍ എത്തി.

ആളൊഴിഞ്ഞ വീട്ടില്‍ റിസോര്‍ട്ട് ഉടമയെയും അഞ്ചു പേരെയും പൊലീസ് കണ്ടെത്തുകയായിരുന്നു. കേസില്‍ സ്ത്രീ ഉള്‍പ്പെടെ 5 പ്രതികള്‍ കൂടിയുണ്ടെന്നു പൊലീസ് പറഞ്ഞു. റിസോര്‍ട്ട് ഉടമ കോടീശ്വരനാണെന്നു തെറ്റിദ്ധരിച്ചാണു പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും ഇത്തരത്തില്‍ പലരെയും ഭീഷണിപ്പെടുത്തി സംഘം പണം തട്ടിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K