03 November, 2021 09:05:26 AM
ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നു
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. സ്പിൽവേയിലെ രണ്ട് ഷട്ടറുകളാണ് വീണ്ടും തുറന്നത്. ഇതോടെ മൂന്ന് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ്. 138.95 ആണ് നിലവിലെ ജലനിരപ്പ്. രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. ഡാമിന്റെ വൃഷ്ടിപ്രദേശമായ പെരിയാർ കടുവാ സങ്കേത വനമേഖലയിൽ കനത്ത മഴയാണ് രാത്രിയുണ്ടായത്. ഇതാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിപ്പിച്ചത്. 138.1 അടിയായിരുന്നു ഇന്നലെ വൈകുന്നേരത്തെ ജലനിരപ്പ്.
ഇന്നലെ രാവിലെ സ്പിൽവേയുടെ തുറന്നിരുന്ന ആറു ഷട്ടറുകളിൽ മൂന്നും ഉച്ചകഴിഞ്ഞ് ഒരെണ്ണവും അടച്ചിരുന്നു. മഴ കുറവായതിനാൽ ജലനിരപ്പിൽ കുറവു വന്നതാണ് ഷട്ടറുകൾ താഴ്ത്താൻ കാരണം. അൻപതു സെന്റിമീറ്റർ ഉയർത്തിവച്ചിരുന്ന രണ്ടു ഷട്ടറുകളിൽ ഒന്ന് 20 സെന്റിമീറ്ററിലേക്കു താഴ്ത്തി. അണക്കെട്ടിൽ ഉപസമിതി ഇന്നലെ സന്ദർശനം നടത്തിയിരുന്നു. പ്രധാന ഡാം, ഗാലറി, സ്പിൽവേ, ബേബി ഡാം എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.