16 June, 2016 05:10:58 PM
സ്കൂള്‍ ഓഫീസില്‍ മദ്യപാനവും മദ്യവില്‍പ്പനയും ; ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍
മലപ്പുറം: വില്‍പ്പനക്കായി സ്കൂള്‍ ഓഫീസ് മുറിയില്‍ വിദേശ മദ്യം സൂക്ഷിച്ച അണ്‍ എയ്ഡഡ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍. വെള്ളച്ചാല്‍ ലിറ്റില്‍ ഫ്ളവര്‍ മോഡല്‍ സ്കൂളിലെ പ്രധാനാധ്യാപകനായ ചന്ദ്രനെയാണ് നാട്ടുകാരുടെ സഹായത്തോടെ താനൂര്‍ പൊലീസ് പിടികൂടിയത്.
താനൂര്‍ ഒഴൂര്‍ പഞ്ചായത്തിലെ വെള്ളച്ചാലില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഇയാള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ഒഴൂരില്‍ സ്ഥിരതാമസമാണ്. സ്കൂളില്‍ വച്ച് മദ്യപിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നതായി നാട്ടുകാര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.
തൊട്ടടുത്തുള്ള ഹൈസ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവും മദ്യവും വില്‍പന നടക്കുന്നതായും ഇതിനായി വന്‍ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായും വാര്‍ത്തകളുണ്ട്. ഇതിനെതിരെ നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും നടത്തി വരികയാണ്. എന്നാല്‍ ഈ പശ്ചാത്തലത്തില്‍ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ചുമതലയുള്ള അദ്ധ്യാപകന്‍ തന്നെ ഓഫീസ് മുറിയില്‍വച്ച് മദ്യപിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തിരിക്കുകയാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിക്കുന്ന മാഫിയകളുമായി ബന്ധം ഇയാള്‍ക്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വില്‍പ്പന നടത്തിയ വിവരം പരിശോധിച്ചു വരികയാണെന്നും നിരവധി മദ്യ കുപ്പികള്‍ ഓഫീസ് മുറിയില്‍ നിന്നും പിടികൂടിയത് സംശയം ജനിപ്പിക്കുന്നതായും താനൂര്‍ എസ്.ഐ മറുനാടന്‍ മലയാളിയോടു പറഞ്ഞു.