27 October, 2021 04:44:20 PM


ഡ്യൂട്ടി കഴിഞ്ഞു സ്കൂട്ടറില്‍ മടങ്ങിയ നഴ്സിനെ ഇടിച്ചു തെറിപ്പിച്ചത് മൂന്നു തവണ



ആലപ്പുഴ: ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്സ് സഞ്ചരിച്ച സ്കൂട്ടര്‍ മൂന്ന് തവണ ഇടിച്ച തെറിപ്പിച്ച് അക്രമി. റോഡില്‍ വീണ ശാന്തിയുടെ മുഖത്തെ എല്ല് പൊട്ടുകയും കാല്‍മുട്ടിലും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ നഴ്‌സായ കേളമംഗലം സ്വദേശി ശാന്തിയെയാണ് ആക്രമിച്ചത്.

24ാം തീയതി രാത്രി ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് പിന്നാലെ വന്ന സ്കൂട്ടർ തന്‍റെ സ്കൂട്ടറിൽ ഇടിച്ചതെന്ന് ശാന്തി പറയുന്നു. ശാന്തിയുടെ സ്‌കൂട്ടറില്‍ അക്രമി മൂന്നുവട്ടം വാഹനം ഇടിപ്പിച്ചു. റോഡിൽ തെറിച്ചുവീണ ശാന്തിയെ പിന്നാലെ എത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ കാറിൽ അക്രമിയെ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. 

മദ്യപിച്ച്‌ ബാലന്‍സ് നഷ്ടമായതിന്റെ അടിസ്ഥാനത്തില്‍ വണ്ടിയില്‍ ഇടിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വീണ്ടും ഇടിച്ചു. രണ്ടാമത് ഇടിച്ചപ്പോൾ സ്കൂട്ടർ മറിയാൻ തുടങ്ങി. അപ്പോൾ മൂന്നാമതും ഇടിക്കുകയായിരുന്നു. ഇതോടെ താൻ റോഡിലേക്ക് തെറിച്ചുവീണതായും ശാന്തു പറഞ്ഞു. എന്നാൽ ഈ സമയം പിന്നാലെ ഒരു കാർ വരുന്നത് കണ്ട അക്രമി അതിവേഗം അവിടെനിന്ന് ഓടിച്ചുപോകുകയായിരുന്നു. 

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ അക്രമിയെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് ശാന്തി പറഞ്ഞു. മോഷണശ്രമമാണോ, ആക്രമിക്കാനുള്ള ശ്രമമാണോ എന്നറിയില്ലെന്നും ശാന്തി പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ കടകളിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K