20 October, 2021 10:29:44 PM
മംഗലം ഡാമിലും പാലക്കുഴിയിലും നാലിടത്ത് ഉരുൾപൊട്ടൽ; ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു
വടക്കഞ്ചേരി: പാലക്കാട് മംഗലം ഡാം, പാലക്കുഴി തുടങ്ങിയ മലയോര മേഖലയിൽ ബുധനാഴ്ച വൈകിട്ടുണ്ടായ അതിതീവ്ര മഴയിൽ നാലിടത്ത് ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ തുടരുന്നതിനാൽ മുൻകരുതലായി അന്പതോളം കുടുംബങ്ങളെ ബുധനാഴ്ച രാത്രി സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
മലവെള്ളപ്പാച്ചിലിൽ ഓടംതോട് റോഡ് തകർന്നു. പള്ളിക്കടുത്തുള്ള പാലത്തിന്റെ സുരക്ഷാ പോസ്റ്റുകൾ ഒഴുകിപ്പോയി. പലയിടത്തായി പതിനഞ്ചോളം വീടുകൾക്കു കേടുപാടു സംഭവിച്ചിട്ടുണ്ട്. വ്യാപകമായ കൃഷിനാശവുമുണ്ട്. ഉരുൾപൊട്ടിയതെല്ലാം കാട്ടിലും ദൂരെയുള്ള മലകളിലുമായതിനാൽ ദുരന്തം ഒഴിവായി.
ഓടംതോട് പടങ്ങിട്ടത്തോട്, വിആർടി കവ, പാലക്കുഴിയിലെ കൽക്കുഴി, വിലങ്ങൻപാറ തുടങ്ങിയ മലയോരങ്ങളിലാണ് ശക്തമായ ഉരുൾപൊട്ടലുണ്ടായത്. പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. മലയോരത്തെ ഉരുൾപൊട്ടലിനെതുടർന്ന് ജലനിരപ്പ് കൂടി മംഗലംഡാമിന്റെ മുഴുവൻ ഷട്ടറുകളും 40 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്.
പ്രദേശത്തെ 40 കുടുംബങ്ങളെ അടുത്തുള്ള വിആർടി പള്ളിയിലേക്കും കൽക്കുഴി, പിസിഎ, വിലങ്ങുംപാറ എന്നിവിടങ്ങളിലെ 16 കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്കും മാറ്റി. ഉരുൾപൊട്ടിയ സ്ഥലം പാലക്കാട് സബ് കലക്ടർ ബൽപ്രീത് സിങ്, ആലത്തൂർ തഹസിൽദാർ ബാലകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ ജയചന്ദ്രൻ എന്നിവരുടെ സംഘം സന്ദർശിച്ചു