19 October, 2021 11:58:07 AM
ഇടുക്കി ഡാം തുറന്നു: മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം; പെരിയാർ തീരത്ത് അതീവ ജാഗ്രത
ഇടുക്കി : ജലനിരപ്പ് റെഡ് അലർട്ടിൽ എത്തിയതോടെ മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നു. രാവിലെ 10.55 ഓടെ മൂന്ന് സൈറണും മുഴങ്ങി. തുടർന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഡാമിന്റെ ഷട്ടർ തുറക്കുകയായിരുന്നു. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ.ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിൽ ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്.
ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി 12 മണിയോടെ രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെമീ. ഉയർത്തും. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം (100 ക്യുമെക്സ് ജലം) പുറത്തേക്ക് ഒഴുക്കിവിടുന്നത്. ചൊവ്വാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2398.4 അടിയാണ്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യം വെള്ളമെത്തുക ചെറുതോണി ടൗണിലേക്കാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ അണക്കെട്ടിലെ ജലനിരപ്പ് പരമാവധിയിലെത്തുന്നതിനു മുൻപ് തുറന്നുവിട്ട് ജലവിതാനം ക്രമീകരിക്കാനാണ് നേരത്തേതന്നെ തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. ജലനിരപ്പ് 2396.86 അടി പിന്നിട്ടതോടെ തിങ്കളാഴ്ച രാവിലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അണക്കെട്ടിലേക്ക് വരുംദിവസങ്ങളിൽ കൂടുതൽ ജലം ഒഴുകിയെത്തുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ അളവിൽ വെള്ളം ഒഴുക്കിവിടാനാണു തീരുമാനം.
ഇടുക്കി പദ്ധതി കമ്മീഷൻ ചെയ്തതിനു ശേഷം ഇതുവരെ ആറുതവണ അണക്കെട്ട് തുറന്നിട്ടുണ്ട്. 1981 ഒക്ടോബർ 29നും 1992 ഒക്ടോബർ 12നും അഞ്ച് ഷട്ടറുകളും തുറന്നു. ഇതേ വർഷങ്ങളിൽ മഴ ശക്തമായതോടെ നവംബറിൽ വീണ്ടും അണക്കെട്ട് തുറന്നു.
2018 ഓഗസ്റ്റ് ഒന്‍പത്, ഒക്ടോബർ ആറ് എന്നീ ദിവസങ്ങളിലും തുറന്നു. 2018-ൽ ഓഗസ്റ്റ് ഒന്‍പതിന് ഉച്ചയ്ക്ക് 12നു ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ 25 സെന്റിമീറ്ററാണ് ആദ്യം ഉയർത്തിയത്. പിന്നീട് 15-ഓടെ അഞ്ചുഷട്ടറുകളും ഉയർത്തി. ജലനിരപ്പ് 2391 അടിയിലും താഴെ എത്തിയതോടെ സെപ്റ്റംബർ ഏഴിന് ഉച്ചയോടെയാണ് 29 ദിവസത്തിനുശേഷം ഷട്ടറുകൾ പൂർണമായും അടച്ചത്.