19 October, 2021 03:05:34 AM
വെള്ളക്കെട്ട് വിനയായി: വധൂവരന്മാര്‍ വിവാഹപന്തലില്‍ എത്തിയത് ചെമ്പില്‍ കയറി
ആലപ്പുഴ: കനത്തമഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ വധൂവരന്മാര്‍ വിവാഹപന്തലില്‍ എത്തിയത് ചെമ്പില്‍. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ക്ഷേത്രത്തില്‍ വച്ച് തന്നെ വിവാഹം കഴിക്കണമെന്ന വധൂവരന്മാരുടെ ആഗ്രഹം സഫലമാക്കാന്‍ ഇരുവരെയും ചെമ്പില്‍ കയറ്റി വിവാഹ പന്തലില്‍ എത്തിക്കാന്‍ ബന്ധുക്കളും നാട്ടുകാരും തയ്യാറാവുകയായിരുന്നു. വധൂവരന്മാര്‍ മുഹൂര്‍ത്തത്തില്‍ തന്നെ കല്യാണം കഴിച്ചു.
ക്ഷേത്രത്തില്‍ വച്ച് കല്യാണം കഴിക്കണമെന്നത് ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് പ്രതിബന്ധങ്ങളെല്ലാം അവഗണിച്ച് ക്ഷേത്രത്തില്‍ ചെമ്പിൽ എത്താന്‍ തീരുമാനിച്ചതെന്ന് വരൻ ആകാശ് പറഞ്ഞു. ആലപ്പുഴ തലവടിയിലാണ് എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റി ആകാശ് ഐശ്വര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
കനത്തമഴയെ തുടര്‍ന്ന് മണിമലയാറിലും പമ്പയിലും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അപ്പര്‍കുട്ടനാട് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. തലവടി ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇതോടെ കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്ന ക്ഷേത്ര പരിസരവും വെള്ളത്തിന്‍റെ അടിയിലായി. ഇതോടെ ചെമ്പില്‍ വധൂവരന്മാരെ ക്ഷേത്രത്തില്‍ എത്തിക്കാന്‍ ബന്ധുക്കളും നാട്ടുകാരും തീരുമാനിക്കുകയായിരുന്നു. കല്യാണം നടന്ന ഓഡിറ്റോറിയത്തില്‍ വേദിയുടെ താഴെ വരെ വെള്ളക്കെട്ടാണ്. കല്യാണം കഴിഞ്ഞ് ഇരുവരെയും ചെമ്പിൽ തന്നെ തിരികെ കൊണ്ടുപോയി.