18 October, 2021 07:22:21 PM
ഇടുക്കി ഡാം ചൊവ്വാഴ്ച രാവിലെ 11ന് തുറക്കും: ജനങ്ങൾക്ക് ജാഗ്രതാനിർദേശം
ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം തുറക്കും. ചൊവ്വാഴ്ച രാവിലെ 11ന് ഡാമിന്റെ രണ്ടു ഷട്ടറുകൾ 50 സെന്റീ മീറ്റർ വീതം ഉയർത്താനാണ് തീരുമാനം. ഇതിലൂടെ100 ക്യൂമിക്സ് ജലം പുറത്തേക്ക് ഒഴുക്കും.
ഡാമിലെ ജലനിരപ്പ് നിലവിൽ റെഡ് അലർട്ടിലേക്ക് അടുക്കുകയാണ്. വൈകിട്ട് ആറോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും. ഷട്ടർ തുറക്കുന്നതിന്റെ ഭാഗമായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ജില്ലാ കളക്ടർ നിർദേശിച്ചു. 64 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും. മഴ തുടർന്നാൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നേരത്തേ അറിയിച്ചിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലാണ് ഡാമിൽ ജലനിരപ്പ് ഉയരുന്നത്.
ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകൾ ആദ്യം തുറക്കും. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ ചൊവ്വാഴ്ച രാവിലെ ആറ് മുതൽ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പെരിയാറില്‍ ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.