15 October, 2021 08:33:48 PM
കെഎസ്ഇബി ജീവനക്കാരൻ ചമഞ്ഞ് തട്ടിപ്പ്; ഓച്ചിറ സ്വദേശി യുവാവ് പിടിയിൽ
കായംകുളം : കെഎസ്ഇബിയുടെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി കാക്കി യൂണിഫോമും ധരിച്ച് വീടുകളിലെത്തി തട്ടിപ്പ് നടത്തിയ ആളെ പോലീസ് പിടികൂടി. ഓച്ചിറ വലിയകുളങ്ങര ചിറയിൽ വീട്ടിൽ താമസിച്ചു വരുന്ന സജീർ ( 42 ) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്.
ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനാണെന്ന വ്യാജേന വീടുകളിലെത്തി വൈദ്യുതി ചാർജ് കുടിശികയുണ്ടെന്നും കുടിശിക അടച്ചില്ലെങ്കിൽ വീടിന്റെ കണക്ഷൻ വിച്ഛേദിക്കുമെന്നും പറഞ്ഞ് ആളുകളിൽ നിന്നും പണം തട്ടി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. കായംകുളം പണിപ്പുര തെക്കതിൽ വീട്ടിൽ നിന്നും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തട്ടിപ്പിനിരയായവർ വൈദ്യുതി ബോർഡിനെ സമീപിച്ചതിനെ തുടർന്ന് കായംകുളം വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സജീറിനെ പിടികൂടിയത്. കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു