14 October, 2021 09:36:02 AM
പോലീസ് ഉണർന്ന് പ്രവർത്തിച്ചു; കുറുവ മോഷണ സംഘാംഗങ്ങൾ പിടിയിലായി
ആലത്തൂർ: വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ഒറ്റപ്പാലം മേഖകളിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കുറുവ മോഷണ സംഘത്തിൽ ഉൾപ്പെട്ട മൂന്നു പേർ അറസ്റ്റിൽ. മാരിമുത്തു, തങ്ക പാണ്ടി, ശെൽവി പാണ്ട്യൻ എന്നിവരാണ് പിടിയിലായത്.
ആഗസ്ത് 31ന് വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഡയാന ബാറിന് പുറകിലുള്ള പള്ളിക്കാട് രാത്രിയിൽ വീട്ടിൽ ഉറങ്ങി കിടന്നിരുന്ന ഒരു സ്ത്രീയുടെ ഏകദേശം മുന്നേ മുക്കാൽ പവനോളം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്തിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച പ്രതികളുടെ ചിത്രങ്ങൾ ഉപയോഗിച്ചു അന്വേഷണം നടത്തവെയാണ് ഒക്ടോബർ 21ന് പരുവാശ്ശേരി നെല്ലായ പാടത്ത് മോഷണ ശ്രമം നടന്നത്. ഇതേ ആളുകൾ തന്നെയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി.
സമാന രീതിയിൽ നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒക്ടോബർ ആറിനും കൊല്ലങ്കോട് ഒക്ടോബർ ഒന്നിനും മോഷണം നടന്നായിരുന്നു. തുടർന്ന് ആലത്തൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഒരു സംഘം തമിഴ്നാട്ടിലെ കുംഭം, തേനി ഭാഗങ്ങൾ കേന്ദ്രീകരിച്ചും ഒരു സംഘം ആനമല, മധുര, നാമക്കൽ, തമ്പാനൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ചും ഒരു സംഘം കോഴിക്കോട് പേരാമ്പ്ര ഭാഗങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെയും ഫോൺ നമ്പറുകളും അടിസ്ഥാനത്തിൽ സൈബർ സെൽ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു.
മാരിമുത്തുവും, പാണ്ട്യനും മുൻപ് തമിഴ്നാട്ടിൽ ജയിലിൽ കിടന്നയാളുകളും ഇവരുടെ പേരിൽ തമിഴ്നാട്ടിൽ 30-ഓളം കേസുകൾ നിലവിലുള്ളതായും അറിയാനായി. പ്രതികൾ തമിഴ്നാട്ടിൽ നിന്ന് ബസ്സിൽ വന്ന് പകൽ സമയങ്ങളിൽ സ്ഥലങ്ങളും, വീടുകളും നിരീക്ഷിച്ച് പറമ്പുകളിലും സ്ഥലങ്ങളിലും ഒളിഞ്ഞിരുന്നും മറ്റുമാണ് മോഷണം നടത്തിവന്നത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം ആലത്തൂർ ഡി വൈ എസ് പി കെ എം ദേവസ്യ, നെമ്മാറ ഇൻസ്പെക്ടർ ദിലീപ് കുമാർ, വടക്കഞ്ചേരി ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ, വടക്കഞ്ചേരി സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ, നെമ്മാറ സബ് ഇൻസ്പെക്ടർ നാരായണൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്.