11 October, 2021 06:39:05 PM


ആദിവാസികള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റി



പാലക്കാട്: ആദിവാസികള്‍ക്ക് ഭക്ഷ്യസുരക്ഷയും ജീവിതനിലവാരവും ഉറപ്പാക്കി അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റി. 1975 ല്‍ പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി ഭൂരഹിത പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനാണ് ഫാമിങ്ങ് സൊസൈറ്റി ആരംഭിക്കുന്നത്.

ഫാമിങ്ങ് സൊസൈറ്റിയുടെ കീഴില്‍ ചിണ്ടക്കി, കരുവാര, പോത്തപ്പാടി, വരടിമല തുടങ്ങി നാല് ഫാമുകളാണ് അട്ടപ്പാടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. നാല് ഫാമുകളിലായി 1092 ഹെക്ടറില്‍ കുരുമുളക്, കാപ്പി, ഏലം, ജാതി ഉള്‍പ്പെടെയുള്ള സുഗന്ധവ്യജ്ഞനങ്ങള്‍, നാരകം, വാഴ, ഇഞ്ചി, മഞ്ഞള്‍, കുടമ്പുളി, ജാതി, പപ്പായ ഉള്‍പ്പടെയുള്ള ഇടവിളകളാണ് കൃഷി ചെയ്യുന്നത്. മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് ചിണ്ടക്കി ഫാമില്‍ 10000 മത്സ്യ കുഞ്ഞുങ്ങളെ കൃഷിക്കായി നിക്ഷേപിക്കുകയും പോത്തിപ്പാടി ഫാമില്‍ പുതിയതായി ക്യാഷ്യു പ്ലാന്റേഷനും ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നാല് ഫാമുകളിലായി നഴ്‌സറികളും പ്രവര്‍ത്തിക്കുന്നു്. പരീക്ഷണാടിസ്ഥാനത്തില്‍ തേനീച്ച വളര്‍ത്തലും ആരംഭിച്ചതായി അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിങ്ങ് സൊസൈറ്റി പ്രസിഡന്റ് രാജേഷ് കുമാര്‍ പറഞ്ഞു.

നാല് ഫാമുകളിലായി 250 ലധികം തൊഴിലാളികള്‍ ഉണ്ട്. സീസണില്‍ 400 മുതല്‍ 500 വരെ തൊഴിലാളികള്‍ ഫാമില്‍ ജോലി ചെയ്യും. 350 രൂപയാണ് ഒരാള്‍ക്ക് കൂലിയായി നല്‍കുന്നത്. പി.എഫ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍, മരണാനന്തര ആനുകൂല്യങ്ങള്‍, മഴക്കോട്ടുകള്‍ എന്നിവയും നല്‍കുന്നു. ഫാമിലേക്ക് തൊഴിലാളികള്‍ക്ക് യാത്ര സൗകര്യവും സൊസൈറ്റി ഉറപ്പാക്കുന്നു.  

ലോകത്തെ മികച്ച 10 ജൈവ കാപ്പി ഇനത്തില്‍ അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റിയുടെ കാപ്പിയും ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അട്ടപ്പാടി കാപ്പിക്ക് കോഫി ബ്രാന്‍ഡിങ്ങിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും കഴിഞ്ഞ വര്‍ഷം പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപയില്‍ കൃഷി കൂടുതല്‍ വിപുലപ്പെടുത്തിയതായും പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 ശതമാനം അധികവിളവാണ് ഫാമിങ്ങ് സൊസൈറ്റി ഇത്തവണ പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കുടുംബശ്രീ, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ വിപണന മേളകള്‍, ഫാമിന്റെ ഔട്ട് ലെറ്റുകള്‍ എന്നിവയിലൂടെയാണ് പ്രധാനമായും വിപണനം കണ്ടെത്തുന്നത്. കൃഷിവകുപ്പ്, മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാല, കോഴിക്കോടുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് എന്നിവയുമായി സഹകരിച്ച് കൃഷി കൂടുതല്‍ ശാസ്ത്രീയമാക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K