06 October, 2021 05:12:16 PM


സൂര്യ കൃഷ്ണയെ കണ്ടെത്തുന്നതിന് ഇന്‍വെസ്റ്റിഗേഷന്‍ ടീം വിപുലീകരിച്ചു - യുവജന കമ്മീഷന്‍



പാലക്കാട്‌: ആലത്തൂരില്‍ നിന്നും ഓഗസ്റ്റ് 30 ന് കാണാതായ ബിരുദ വിദ്യാര്‍ഥി സൂര്യ കൃഷ്ണയുടെ അന്വേഷണത്തിനായി ഇന്‍വെസ്റ്റിഗേഷന്‍ ടീം വിപുലീകരിച്ചതായും ആലത്തൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള ടീം തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുന്നതായും യുവജന കമ്മീഷന്‍ അറിയിച്ചു. സൂര്യയെ കാണാതായതിനെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയ്ക്ക് 10 മാസം ശമ്പളം നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടിയില്‍ യുവജന കമ്മീഷന്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടി. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും 2020 ല്‍ എം.ബി.ബി.എസ് പാസായ ഡോക്ടര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാല്‍ കമ്മീഷന്‍ ഇടപെട്ട് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു.

പുതുക്കോട് സ്വദേശിയായ കരാര്‍ ജീവനക്കാരിക്ക് കമ്മീഷന്‍ ഇടപെടലിലൂടെ 2022 മാര്‍ച്ച് 31 വരെ കാലാവധി നീട്ടി നല്‍കി. സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും കരാര്‍ കാലാവധി നീട്ടിനല്‍കാത്തതിനെ തുടര്‍ന്നാണ് കമ്മീഷന്‍ ഇടപെട്ടത്. കഞ്ചിക്കോട് രണ്ട് യുവതികളുടെ മേല്‍നോട്ടത്തിലുള്ള റസ്റ്റോറന്റ് നടത്തിപ്പ് കെട്ടിട ഉടമ തടസ്സപ്പെടുത്തുന്നതായി ലഭിച്ച പരാതിയില്‍ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മീഷന്‍ അദാലത്തില്‍ 24 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ എട്ടെണ്ണം പരിഹരിച്ചു. കമ്മീഷന്‍ അംഗങ്ങളായ പി. മുബഷീര്‍, അഡ്വ. ടി മഹേഷ്,  കെ.പി ഷജീറ, പി.എ. സമദ്, റെനീഷ് മാത്യു, കമ്മീഷന്‍ സെക്രട്ടറി ക്ഷിതി വി. ദാസ് എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K