04 October, 2021 01:12:01 PM
കണ്ണൂരിൽ വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ: വീടിന്റെ മേൽക്കൂര തകർന്ന് വീണ് വീട്ടമ്മ മരിച്ചു. കണ്ണൂർ പൊടിക്കുണ്ടിലെ വസന്തയാണ് (60) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മകൻ ഷിബുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം. കണ്ണൂർ പൊടിക്കുണ്ട് മിൽമയ്ക്ക് സമീപത്തെ കൊയിലി പവിത്രന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. വീടിന്റെ മച്ചാണ് തകർന്ന് വീണത്. താഴെ കിടന്നുറങ്ങുകയായിരുന്നു വസന്തയുടെ മുകളിലേക്ക് ഭാരമേറിയ മരക്കഷണങ്ങൾ വന്നു പതിക്കുകയായിരുന്നു.
മുറിയിലുണ്ടായിരുന്ന അലമാരയും മറ്റും ചെരിഞ്ഞ് വസന്തയുടെ മുകളിലേക്ക് വീഴുകയും ചെയ്തു. മകൻ ഷിബു മുകളിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. യുവാവ് കട്ടിലോടെ താഴെക്ക് വീണു. വീഴ്ച്ചയിൽ ഷിബുവിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മുറിയുടെ വാതിൽ തുറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് ഫയേഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും വളരെ പണിപ്പെട്ടാണ് അമ്മയെയും മകനെയും പുറത്തെടുത്തത്. മരത്തടികൾക്ക് ഇടയിൽ കുടുങ്ങിയ വസന്തയെ പുറത്തെടുക്കുമ്പോൾ തന്നെ മരിച്ചിരുന്നു.
ഷിബുവിൻറെ തലയ്ക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് ഷിബുവിനെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചത്. അപകട സമയത്ത് വസന്തയുടെ ഭർത്താവ് പവിത്രനും മക്കളായ ഷിബുവും ഷിജുവും വീട്ടിലുണ്ടായിരുന്നു. 50 വർഷത്തിലധികം പഴക്കമുള്ള വീട്ടിലെ മച്ചിന്റ മരംകൊണ്ടുള്ള ബീം ദ്രവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീടിന് പഴക്കം ഉള്ളതിനാലും, കൂടുതൽ ഭാഗം തകരാൻ സാധ്യതയുള്ളതിനാൽ പോലീസ് വീട് പൂട്ടിയിരിക്കുകയാണ്.