04 October, 2021 12:32:07 PM
അടിമാലി കൊലപാതകം: പ്രതി പദ്ധതിയിട്ടത് കുടുംബത്തെ ഒന്നാകെ വകവരുത്താൻ
അടിമാലി: ആനച്ചാൽ ആമകണ്ടത്ത് കുടുംബവഴക്കിനെ തുടർന്ന് ആറ് വയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പദ്ധതിയിട്ടത് കുടുംബത്തെ ആകെ വകവരുത്താൻ. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഷാൻ എന്ന സുനിൽകുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. റിയാസ്-സഫിയ ദമ്പതികളുടെ മകൻ അബ്ദുൾ ഫത്താഖ് ആണ് മരിച്ചത്. കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭർത്താവാണ് അറസ്റ്റിലായ സുനിൽകുമാർ.
ഭാര്യ തന്നോട് പിണങ്ങിപ്പോയതിന് കാരണം സഹോദരിയും ഭാര്യാമാതാവും ആണെന്ന സംശയമാണ് കൃത്യം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചത്. ആദ്യ വിവാഹം വേർപെടുത്തിയാണ് ഇയാൾ മരിച്ച കുട്ടിയുടെ മാതാവിന്റെ സഹോദരിയെ വിവാഹം ചെയ്തിരുന്നത്.
ഞായറാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറംലോകമറിയുന്നത്. മരിച്ച കുട്ടിയും മാതാവും ഒരു വീട്ടിലും കുട്ടിയുടെ സഹോദരിയും വല്യമ്മയും തൊട്ടടുത്ത വീട്ടിലുമാണ് അന്തിയുറങ്ങിയിരുന്നത്. പ്രതി പുലർച്ചെ ആറ് വയസുകാരനെയും മാതാവിനെയും ആദ്യം ആക്രമിച്ച ശേഷം തൊട്ടടുത്ത വീട്ടിൽ കടന്നും ആക്രമണ ശ്രമം നടത്തി. ഇവിടെ നിന്നും ഇറങ്ങിയോടി മരിച്ച കുട്ടിയുടെ സഹോദരിയാണ് വിവരം പ്രദേശവാസികളെ അറിയിച്ചത്. പരിക്കേറ്റ സഫിയയും മാതാവ് സൈനബയും ആശുപത്രിയിൽ ചികിത്സയിലാണ്