27 September, 2021 10:27:08 AM
യുവാവിനെ നടുറോഡിൽ വളഞ്ഞിട്ടു തല്ലിയ സ്ത്രീകൾക്കെതിരെ വധശ്രമത്തിന് കേസ്
മറയൂർ: അയൽവാസികൾ തമ്മിലുള്ള സ്ഥലതർക്കത്തിന്റെ പേരിൽ യുവാവിന് സ്ത്രീകളുടെ മർദനം. മറയൂർ ബാബുനഗർ സ്വദേശി മോഹൻരാജ് (38)നാണ് പരിക്കേറ്റത്. മോഹൻരാജ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പള്ളനാട് സ്വദേശിനികളായ ജമുനാ(42), വൃന്ദ (40), ജയറാണി (42), ഷൈലജ (38) എന്നിവർക്കെതിരേ മറയൂർ പോലീസ് വധശ്രമത്തിന് കേസെടുത്തു.
സ്ഥല അതിർത്തിയുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ സഹായിച്ചെന്ന പേരിലാണ് മോഹൻരാജിനെ സ്ത്രീകൾ മർദിച്ചത്. കേസുമായി ബന്ധപ്പെട്ട് കോടതി നിയോഗിച്ച കമ്മീഷൻ പള്ളനാട് എത്താനിരിക്കെയാണ് വിവരമറിഞ്ഞ് സ്ത്രീകൾ മോഹൻരാജിനെ കൈയിൽ കരുതിയിരുന്ന വടികൾകൊണ്ട് മർദിച്ചത്. മറയൂർ പോലീസ് വധശ്രമത്തിന് കേസെടുത്തു. മർദിച്ചത് സ്ത്രീകളായതിനാൽ കേസ് ഇടുക്കി വനിതാ പോലീസിനു കൈമാറി.