25 September, 2021 10:04:45 PM


അട്ടപ്പാടിയിലെ കൃഷിയിടങ്ങളില്‍ ആനശല്യം കുറയ്ക്കാന്‍ ചക്കയും മാങ്ങയും സംഭരിക്കും



പാലക്കാട്‌: അട്ടപ്പാടിയിലെ കൃഷിയിടങ്ങളില്‍ ആനശല്യം കുറയ്ക്കുന്നതിന്റെ ഭാഗമായി അതത് സീസണുകളില്‍ ചക്കയും മാങ്ങയും ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്.

ചക്കപ്പഴത്തിന്റെയും മാമ്പഴത്തിന്റെയും മണമാണ് കൃഷിയിടങ്ങളിലേക്ക് ആനകളെ ആകര്‍ഷിക്കുന്നത്. പഴുക്കുന്നതിനു  മുന്‍പേ ചക്കയും മാങ്ങയും സംഭരിക്കുക വഴി ഈ സാഹചര്യം ഒഴിവാക്കാനാകുമെന്നും ഇതിലൂടെ ഭക്ഷണത്തിനായി ആനകള്‍ കൃഷിയിടങ്ങളിലേയ്ക്ക് എത്തുന്നത് ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്നും സ്‌പെഷല്‍ ഡ്രൈവ് നടത്തി കാടുകളിലേയ്ക്ക് തിരിച്ചയക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മണ്ണാര്‍ക്കാട് ഡി. എഫ്. ഒ അറിയിച്ചു. ആനശല്യമുള്ള  കാഞ്ഞിരപ്പുഴ- തച്ചമ്പാറ പ്രദേശങ്ങളില്‍ എല്ലാ ഭാഗത്തും സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും യോഗം നിര്‍ദേശിച്ചു.

മുതലമട ചപ്പക്കാട് കോളനിയിലെ രണ്ട് യുവാക്കളെ കാണാതായ സംഭവത്തില്‍ ഡോഗ് സ്‌ക്വാഡ്, പോലീസ്, വനംവകുപ്പ്, പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ തിരച്ചില്‍ തുടരുന്നുണ്ടെന്ന്  അഡീഷണല്‍ എസ്.പി അറിയിച്ചു. അഞ്ച് കിലോമീറ്ററോളം ഉള്‍ക്കാടുകളിലേക്ക് അന്വേഷണം നടത്തിയിട്ടുണ്ട്. സമീപത്തെ ജലാശയങ്ങളിലും മറ്റും തിരച്ചില്‍ നടത്തുന്നുണ്ടെന്നും എ.എസ്.പി പറഞ്ഞു.

നെല്ല് സംഭരണത്തിനായുള്ള രജിസ്‌ട്രേഷന്‍ 60,000 പിന്നിട്ടതായും ഇതുവരെ 323 ടണ്‍ നെല്ല് സംഭരിച്ചതായും പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ കെ.കൃഷ്ണകുമാരി അറിയിച്ചു. നെല്ല് സംഭരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കൃഷി അസിസ്റ്റന്റുമാരെ നിയമിച്ചിട്ടുണ്ട്. മില്ലുകാരുമായി ധാരണയിലെത്തിയതു പ്രകാരം മില്ലുടമകള്‍ സപ്ലൈകോയുമായി കരാര്‍ ഒപ്പിട്ടു തുടങ്ങി. കൊയ്ത്ത് നടക്കുന്ന മുറയ്ക്ക് പ്രദേശങ്ങളില്‍ നിന്നുള്ള സംഭരണം നടത്തുമെന്നും പി.എം.ഒ അറിയിച്ചു.

ലൈഫ്മിഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ ആദ്യഘട്ടത്തിലെ 7611 വീടുകള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. 8076 വീടുകള്‍ക്കാണ് എഗ്രിമെന്റ് വെച്ചിരുന്നത്. രണ്ടാം ഘട്ടത്തില്‍ എഗ്രിമെന്റ് വെച്ച 13060 വീടുകളില്‍ 12,134 എണ്ണം പൂര്‍ത്തീകരിച്ചു. വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് വീട് വെച്ച് നല്‍കുന്ന മൂന്നാം ഘട്ട പദ്ധതിയില്‍ സ്വന്തം നിലയ്‌ക്കോ പഞ്ചായത്ത് മുഖേനയോ ഭൂമി ആര്‍ജ്ജിച്ചെടുത്ത 1295 ഗുണഭോക്താക്കളില്‍ 517 പേരുടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായും ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഹരിതകേരളം പുരസ്‌കാരം കരസ്ഥമാക്കിയ ചിറ്റൂര്‍ - തത്തമംഗലം നഗരസഭ, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് എന്നിവയെ യോഗം അഭിനന്ദിച്ചു. എം.എല്‍.എമാരായ കെ. ബാബു, കെ.ഡി. പ്രസേനന്‍, അഡ്വ. കെ. ശാന്തകുമാരി, മുഹമ്മദ് മുഹ്‌സിന്‍, രമ്യ ഹരിദാസ് എം.പി.യുടെ പ്രതിനിധി പി.മാധവന്‍, ഒറ്റപ്പാലം സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, എ.ഡി.എം കെ. മണികണ്ഠന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍, വിവിധ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K