22 September, 2021 12:02:03 PM
വെള്ളാപ്പള്ളിക്കെതിരേ രൂക്ഷവിമർശനവുമായി ഇസ്രയേലിൽ മരിച്ച സൗമ്യയുടെ ഭർത്താവ്
തൊടുപുഴ: എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരേ രൂക്ഷവിമർശനവുമായി ഇസ്രയേലിൽ മരിച്ച നഴ്സ് സൗമ്യയുടെ ഭർത്താവ് സന്തോഷ് രംഗത്ത്. തികച്ചും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടത്തിയ പത്രസമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്നു സൗമ്യയുടെ ഭർത്താവ് പറഞ്ഞു.
ഇസ്രയേലിൽ മരിച്ച സൗമ്യയ്ക്കു ലഭിച്ച ആനുകൂല്യങ്ങൾ ഭർത്താവ് സ്വന്തമായി അനുഭവിക്കുകയാണെന്നും സൗമ്യയുടെ മാതാപിതാക്കൾക്ക് ഒന്നും നൽകിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. അതുപോലെ സൗമ്യയെ മതം മാറ്റിയാണ് സന്തോഷ് വിവാഹം കഴിച്ചതെന്നും ഭാര്യയുടെ ചെലവിലാണ് ഭർത്താവ് ജീവിച്ചിരുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
എന്നാൽ, താൻ ആരെയും നിർബന്ധിച്ചു മതം മാറ്റിയല്ല വിവാഹം നടത്തിയതെന്നും സൗമ്യയുടെവീട്ടുകാർ തന്നെ മുൻകൈയെടുത്താണ് വിവാഹം നടത്തിയതെന്നും സന്തോഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. സൗമ്യയുടെ മാതാപിതാക്കൾ അടക്കമുള്ളവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് അവരിപ്പോൾ ജീവിക്കുന്നതും.
ഭാര്യയുടെ വിയോഗത്തിൽ സങ്കടപ്പെട്ടു കഴിയുന്ന തനിക്കും കുടുംബത്തിനെതിരേ വെള്ളാപ്പള്ളി നടത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കും. വർഗീയ താത്പര്യങ്ങൾ ലക്ഷ്യമാക്കിയുള്ള ആരോപണങ്ങളാണിതെന്നും സന്തോഷ് കുറ്റപ്പെടുത്തി.
ഇസ്രയേൽ- ഹമാസ് യുദ്ധം നടക്കുന്ന വേളയിലുണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് ഇസ്രയേലിൽ നഴ്സ് ആയിരുന്ന സൗമ്യ കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭർത്താവ് സന്തോഷുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടയിലാണ് സൗമ്യ താമസിച്ചിരുന്ന കെട്ടിടത്തിൽ റോക്കറ്റ് പതിച്ച് അപകടം ഉണ്ടായത്.
യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ താമസ സ്ഥലത്തുനിന്നു മാറാൻ ശ്രമം നടത്തുന്നതിനിടയിലാണ് കെട്ടിടത്തിൽ റോക്കറ്റ് പതിച്ചത്. ഇടുക്കി കീരിത്തോട് സ്വദേശിനിയായ സൗമ്യ പത്തു വർഷമായി ഇസ്രയേലിലെ അഷ്കലോണിൽ ജോലിചെയ്തുവരവേയാണ് ഹമാസ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.